സ്ഥാനാർത്ഥിത്വം ജെൻസികളിലേക്ക് ..
സ്ഥാനാർത്ഥി പട്ടികകളിൽ മികച്ച പ്രാതിനിധ്യം
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥി യുവജന സംഘടനകളിൽ നിന്ന് വളർന്നുവന്ന യുവ നേതാക്കളെ സ്ഥാനാർത്ഥികളാക്കി മുന്നണികൾ.അറുപതിന് മുകളിലുള്ളവരെ പരമാവധി ഒഴിവാക്കിയാണ് സി.പി.എം അടക്കമുള്ള പാർട്ടികൾ തലമുറമാറ്റം തിരഞ്ഞെടുപ്പിൽ നടപ്പാക്കിയിരിക്കുന്നത്.
സി.പി.എം ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർഥികളിൽ നാലിലൊന്നു പേരും നിലവിൽ എസ്.എഫ്.ഐ പശ്ചാത്തലമുള്ളവരാണ്. വനിതാസംവരണ വാർഡുകളിലാണ് കൂടുതലും യുവരക്ത പരീക്ഷണം. ഗ്രാമപഞ്ചായത്ത് വാർഡുകളാണ് പ്രധാന പരീക്ഷണശാല. മുപ്പതിൽ താഴെ പ്രായമുള്ള ബിരുദധാരികളും പ്രൊഫഷണൽ ബിരുദം നേടിയവരുമാണ് ഇത്തവണത്തെ പുതിയ മുഖങ്ങൾ.കോളേജ് കാമ്പസുകളിലെ നേതൃപരിചയവും സംഘടനാപ്രവർത്തനത്തിൽ നേടിയ കഴിവുകളുമാണ് ഈ യുവ സ്ഥാനാർത്ഥികളുടെ മുതൽക്കൂട്ട്.
കോൺഗ്രസ്, മുസ്ലിം ലീഗും വിദ്യാർത്ഥിസംഘടനകളിലെ നേതാക്കളെയും പ്രവർത്തകരെയും സ്ഥാനാർത്ഥിത്വത്തിന് പരിഗണിക്കുന്നുണ്ട്.നവംബർ 21ന് നാമനിർദേശപത്രിക സമർപ്പണം കഴിയുമ്പോഴേക്കും മുപ്പത്തഞ്ചിൽ താഴെ പ്രായമുള്ളവരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.
പിന്നിൽ ഇ ഗവേർണൻസ്
തദ്ദേശ സ്ഥാപനങ്ങളിൽ ഇ ഓഫിസ് സംവിധാനം നിർബന്ധമായതോടെ കമ്പ്യൂട്ടർ സാക്ഷരത അത്യാവശ്യമായി. ഡിജിറ്റൽ ഗവേണൻസിന്റെ കാലത്ത് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും നേടിയെടുക്കാൻ വിശദമായ പ്രോജക്ട് റിപ്പോർട്ടുകൾ തയ്യാറാക്കണം. എ.ഐ.മുതൽ ഡാറ്റ അനലിറ്റിക്സ് വരെ ഉപയോഗപ്പെടുത്താൻ കഴിയുന്ന യുവതലമുറ അത്യാവശ്യമായ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പിലും പുത്തൻ തലമുറയെ അവതരിപ്പിക്കുന്നത്. സമയബന്ധിതമായി പ്രോജക്ടുകൾ തയ്യാറാക്കുന്നതിലും സർക്കാർ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതിലും സാങ്കേതികവൈദഗ്ധ്യം നിർണായകമാകും എന്നതാണ് മുന്നണികളുടെ കണക്കുകൂട്ടൽ.