കോർപ്പറേഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു; കോൺഗ്രസ് 38 ഡിവിഷനുകളിൽ ; ലീഗ് പതിനെട്ടിടത്ത്
കണ്ണൂർ: കോർപറേഷനിൽ യു.ഡി.എഫിന്റെ സ്ഥാനാർത്ഥിചിത്രം തെളിഞ്ഞു.ആകെയുള്ള 56 ഡിവിഷനുകളിൽ 38 ഇടത്ത് കോൺഗ്രസും 18 സീറ്റിൽ മുസ്ലിം ലീഗും മത്സരിക്കും.വാരം,വലിയന്നൂർ ഡിവിഷനുകൾ കോൺഗ്രസും ലീഗും വച്ചുമാറി. കോൺഗ്രസിന്റെ ഒരു സീറ്റ് സി.എം.പിക്ക് നൽകാനും ധാരണയായി.നിലവിലെ ഡെപ്യൂട്ടി മേയർ പി.ഇന്ദിര പയ്യാമ്പലം ഡിവിഷനിൽ മത്സരിക്കും.
സ്ഥാനാർത്ഥി പട്ടികയിൽ ഇല്ലാതിരുന്ന ഇന്ദിര ഇന്നലെ രാവിലെ മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പട്ടികയിൽ ഇടം പിടിച്ചത്.ഇന്ദിരയെ ഉദയംകുന്നിൽ മത്സരിപ്പിക്കണമെന്ന ശക്തമായ ആവശ്യം നേതൃത്വത്തിൽ നിന്ന് ഉയർന്നിരുന്നുവെങ്കിലും അവിടെ അനൂപ് ബാലനെ സ്ഥാനാർത്ഥിയാക്കി.
ആദികടലായിൽ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി മത്സരിക്കും.മഹിളാ കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ മുണ്ടയാട് ഡിവിഷനിൽ നിന്നും ജനവിധി തേടും.മേയർ സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് പറഞ്ഞു.തർക്കങ്ങളെല്ലാം പരിഹരിച്ചതിനാൽ ഒറ്റകെട്ടായി നീങ്ങുമെന്ന് കെ. സുധാകരൻ പറഞ്ഞു. പാർട്ടിയ്ക്ക് പുറത്തുള്ള പി.കെ.രാഗേഷിനെ സംബന്ധിച്ച് ചോദ്യത്തിന് അദ്ദേഹം പാർട്ടിയ്ക്ക് ഒരു അടഞ്ഞ അദ്ധ്യായമല്ലെന്നും വിശദീകരിച്ചു.എന്നാൽ പാർട്ടിയിൽ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി.
ലീഗിൽ പുതുമുഖങ്ങൾക്ക് മേൽക്കൈ
മുസ്ലീംലീഗ് പട്ടികയിൽ കൂടുതലും പുതുമുഖങ്ങളാണ്. മൂന്ന് കൗൺസിലർമാർ മാത്രമാണ് മത്സരിക്കുന്നത്.ലീഗിന്റെ ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.താഹിർ വാരം ഡിവിഷനിൽ നിന്നും മത്സരിക്കും.ലീഗിന്റെ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി കൂടിയാണ് താഹിർ.ലീഗിന്റെ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.ഷമീമ പടന്നയിൽ നിന്നും മത്സരിക്കും.നിലവിൽ ആയിക്കരയിലെ കൗൺസിലർ കെ.എം.സാബിറയും അറക്കൽ ഡിവിഷനിൽ നിന്നും ജനവിധി തേടും.മൂന്നണികളെല്ലാം സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കിയതോടെ കോർപ്പറേഷനിൽ തിരഞ്ഞെടുപ്പ് അങ്കം കുറിച്ചിരിക്കുകയാണ്.
കോൺഗ്രസ് സ്ഥാനാർത്ഥികൾ
പി.ദീപ (പള്ളിയാംമൂല), പി.അശോകൻ ( കുന്നാവ്), കെ.സി ശ്രീജിത്ത്(കൊക്കേൻപാറ), പ്രീത വിനോദ് (പള്ളിക്കുന്ന്), അനൂപ് ബാലൻ(ഉദയംകുന്ന്), രമേശൻ പാണ്ടൻ(പൊടിക്കുണ്ട്), കെ. ഉഷാകുമാരി(കൊറ്റാളി), കെ.ശ്രീജ(അത്താഴക്കുന്ന്), പനയൻ ഉഷ(തുളിച്ചേരി), കെ.സുമ(വലിയന്നൂർ), കെ.ഷീന(ചേലോറ), എ.പ്രമീള(മാച്ചേരി), എം.റഫീഖ്( പളളിപ്പൊയിൽ), പാർഥൻ ചങ്ങാട്ട്(കാപ്പാട്), ടി.സിതാര(എളയാവൂർ സൗത്ത്), ശ്രീജ മഠത്തിൽ(മുണ്ടയാട്), ടി.പ്രദീപൻ (എടച്ചൊവ്വ), അശ്വിൻ മതുക്കോത്ത്(കാപ്പിച്ചേരി), കെ.സ്വപ്ന(മേലെചൊവ്വ), കെ.പി.സീന(കിഴുത്തുള്ളി), കെ.ഹസീന(ആറ്റടപ്പ), പി.കെ.പ്രീത(ചാല), കെ.വി. അഖിൽ(എടക്കാട്), സോന ജയറാം(ആലിങ്കീൽ), കെ. ശ്രുതി(കിഴുന്ന), കെ.കെ.ഉഷാകുമാരി(തോട്ടട), റിജിൽ മാക്കുറ്റി(ആദികടലായി),മൊഹസിന ഫൈസൽ(കാഞ്ഞിര), എ.മിത്രൻ(കുറുവ), കെ.കെ.മുഹമ്മദ് ഷിബിൽ(വെത്തിലപ്പള്ളി), നാമത്ത് ഗിരീശൻ(ചൊവ്വ), രോഷ്‌ന അഷ്‌റഫ്( സൗത്ത് ബസാർ), എൻ.പി.ഷമ്മി( ടെമ്പിൾ), അഡ്വ.ലിഷ ദീപക്(തായത്തെരു), രേഷ്മ വിനോദ്(കാനത്തൂർ), അഡ്വ.പി.ഇന്ദിര (പയ്യാമ്പലം), അജിത്ത് പാറക്കണ്ടി(താളിക്കാവ്), ഉമേഷ് കണിയാങ്കണ്ടി(പഞ്ഞിക്കയിൽ).
മുസ്ലിംലീഗ് സ്ഥാനാർത്ഥികൾ
ടി.പി.ജമാൽ (തളാപ്പ്), സി.കെ.ഷബീർ( കക്കാട്), സുബൈർ കിച്ചിരി.(കക്കാട് നോർത്ത്), വി.കെ.മുഹമ്മദലി(ശാദുലി പള്ളി), എ.അർഷാദ്(പള്ളിപ്രം), കെ.പി.താഹിർ(വാരം), കെ.ടി.മുർഷിദ്( അതിരകം), ബിസ്മില്ല ബീവി(എളയാവൂർ നോർത്ത്), പി.ഖൗലത്ത്(താഴെ ചൊവ്വ), സി.വി മുസ്തഫ(തിലാന്നൂർ), ടി.പി.ഫസ്ലീം( ഏഴര), പി.ഷമീമ(പടന്ന), സി.നിസാമി(നീർച്ചാൽ), കെ.എം സാബിറ(അറക്കൽ), എം.സിറാജ്.(ആയിക്കര), സഹദ് മാങ്കടവൻ.(കസാനക്കോട്ട), എം.റിഷാം (താണ), സി.വി.റഫ്‌ന.(ചാലാട്).