പുലിപ്പേടിയിൽ മണിതൂക്കി മേഖല
വിതുര: വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിക്ക് പുറമേ വിതുര പഞ്ചായത്തിലെ മണിതൂക്കി മരുതാമല മേഖലയിലും പുലിയിറങ്ങി ഭീതി പരത്തുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. മൂന്ന് ദിവസമായി രാത്രിയിൽ മരുതാമല, മണിതൂക്കി വാർഡുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ പുലി എത്തുന്നതായാണ് പരാതി. മേഖലയിലെ വളർത്തുനായ്ക്കളെ പുലി കൊന്നൊടുക്കുന്നതായി നാട്ടുകാർ അറിയിച്ചു. പ്രശ്നം വനപാലകരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സാധാരണ ഈ മേഖലയിൽ പുലി ഇറങ്ങാറുണ്ട്. വനംവകുപ്പ് അടിയന്തരമായി പ്രശ്നത്തിൽ ബന്ധപ്പെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഒരാഴ്ച മുൻപ് വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടി മേഖലയിലും പുലിയിറങ്ങി ഭീതിപരത്തുകയും, വളർത്തുനായ്ക്കളെ കൊല്ലുകയും ചെയ്തിരുന്നു. പൊൻമുടി മേഖലയിൽ അടിക്കടി പുലിയിറങ്ങി ഭീതിപരത്താറുണ്ട്. പൊൻമുടിയിൽ വനപാലകർ വ്യാപകമായി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പുലിയിറങ്ങിയ സാഹചര്യം മുൻനിറുത്തി പൊൻമുടി മേഖല വനപാലകരുടെ നിരീക്ഷണത്തിലാണ്. ടൂറിസ്റ്റുകൾ ജാഗ്രത പുലർത്താൻ നിർദേശം നൽകിയിട്ടുണ്ട്.
പുലിയെ പിടികൂടാനായില്ല
നേരത്തേ ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള വിതുര മരുതാമല അടിപറമ്പ് ജഴ്സിഫാമിലിറങ്ങി പുലി ഭീതി പരത്തിയിരുന്നു. അന്ന് പുലിയെ പിടികൂടാൻ വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള റാപ്പിഡ് ആക്ഷൻ ഫോഴ്സ് ടീം രംഗത്തെത്തിയിരുന്നു. പുലിയെ കെണിയൊരുക്കി പിടികൂടാനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി പുലിയെക്കണ്ട മേഖലകളിൽ ഫാമിലെ വിവിധ ഭാഗങ്ങളിലായി ക്യാമറകൾ സ്ഥാപിച്ചെങ്കിലും പുലി സ്ഥലംവിട്ടു.
ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ്
ജഴ്സിഫാമിന് സമീപമുള്ള ചാത്തൻകോട്, ചെമ്മാംകാല ആദിവാസി മേഖലയിൽ അനവധി തവണ പുലി ഇറങ്ങി ഭീതി പരത്തുകയും, ആദിവാസികളെ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. മുൻപ് വിതുര പഞ്ചായത്തിലെ കല്ലാർ മൊട്ടമൂട് ആദിവാസി മേഖലയിലും പുലി ഇറങ്ങി ഭീതി പരത്തുകയും വളർത്തുനായ്ക്കളെ കൊന്നൊടുക്കുകയും ചെയ്തിരുന്നു.ഇവിടെ ഇപ്പോഴും നായ്ക്കളെ പിടികൂടാൻ പുലി എത്താറുണ്ടെന്ന് പദ്മശ്രീ കല്ലാർ ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു. കല്ലാറിൽ കുരങ്ങനെ പിടികൂടാൻ വൈദ്യുതിപോസ്റ്റിൽ കയറിയ പുലി ഷോക്കേറ്റ് ചത്ത സംഭവവുമുണ്ടായി. തേവിയോട് ചിറ്റാർ മേഖലയിലും അടുത്തിടെ പുലി ഇറങ്ങി ഭീതി പരത്തിയിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.