തിരഞ്ഞെടുപ്പ് കാലത്തെ 'സ്ഥാനവും ആർത്തിയും'

Tuesday 18 November 2025 3:21 AM IST

സ്ഥാനാർത്ഥി എന്നല്ല 'സ്ഥാനാർത്തി" എന്ന് പറയുന്നവരും എഴുതുന്നുവരുമുണ്ട്. ഈ തദ്ദേശ തിരഞ്ഞെടുപ്പുകാലത്തെ വാർത്തകൾ കേട്ടാലും കണ്ടാലും സ്ഥാനത്തിനു വേണ്ടി ആർത്തി പിടിച്ചു നടക്കുകയാണെന്ന് ആർക്കാണ് തോന്നാത്തത്. സ്ഥാനാർത്ഥിയായി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് എത്രയോ പേരാണ് പാർട്ടിയും മുന്നണിയും ഒരു രാത്രിയുടെ മറവിൽ മാറുന്നത്. മറ്റൊരു പ്രത്യയശാസ്ത്രത്തോട് ചേർന്നു നിൽക്കാനും ഇത്തരക്കാർ ഒരു മടിയും കാട്ടാറില്ല. അങ്ങനെ എത്രയെത്ര തിരഞ്ഞെടുപ്പ് കാഴ്ചകൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പ്രചാരണ വഴികളിലും പുതിയ കുറേ കാഴ്ചകളുണ്ട്. റീൽസും എ.ഐ വീഡിയോകളും എഫ്.ബി. പോസ്റ്റുകളും മൊബെെൽ സ്റ്റാറ്റസുകളും ഒരു വഴിയ്ക്ക്. മറ്റൊരു വഴിയിൽ ചുവരെഴുത്തും പ്രചാരണ നോട്ടീസുകളും കൊടിതോരണങ്ങളും.

തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവും പ്രഖ്യാപനവും അവസാനഘട്ടത്തിലെത്തുമ്പോൾ, പ്രചാരണം ടോപ്പ് ഗിയറിലാണ്. രണ്ടും മൂന്നും മൊബെെലുകളുളള ന്യൂജെൻ വോട്ടർമാരുടെ ഇടയിൽ ട്രെൻഡാവാൻ

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സാമൂഹമാദ്ധ്യമങ്ങളും ആധുനിക സാങ്കേതിക വിദ്യകളുമാണ് മൂന്നു മുന്നണികളും ആയുധമാക്കുന്നത്. കന്നി വോട്ടർമാരെ വലയിലാക്കാൻ ഇതല്ലാതെ വേറെ മാർഗമില്ലെന്നാണ് നേതാക്കൾ പറയുന്നത്. ഇതിനായി പ്രത്യേകം സോഷ്യൽ മീഡിയ ടീമിനെ നിയോഗിക്കുന്നുമുണ്ട്. പഴയകാല ഹിറ്റ് പാട്ടുകളുടെ സംഗീതവും സിനിമാദൃശ്യങ്ങളും ഉപയോഗിച്ച് പ്രചാരണ ഗാനത്തിന്റെ വരികൾ ചേർത്ത് അവതരിപ്പിക്കാനും തു‌ടങ്ങിയിട്ടുണ്ട്. ഓൺലൈൻ പ്രചരണം ഏറ്റെടുത്ത സ്ഥാപനങ്ങൾക്കും ഇതോടെ തിരഞ്ഞെടുപ്പുകാലം ചാകരയായി.

പഴമക്കാരുമായി ഹൃദയബന്ധം

പുതിയ കാലത്തിനനുസൃതമായ മാറ്റങ്ങളുണ്ടെങ്കിലും, പഴയ തലമുറയെ സ്വാധീനിക്കാൻ പരമ്പരാഗതമായ ചുവരെഴുത്തുകളും വീട് കയറിയുള്ള പ്രചരണ പരിപാടികളുമൊക്കെ നടത്താനുള്ള പ്രവർത്തകരും സജീവമാണ്. വെെകാരികതയോടെ തയ്യാറാക്കുന്ന പ്രചാരണ നോട്ടീസുകൾക്കും നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിച്ചും വാഗ്ദാനങ്ങൾ നൽകിയുമുള്ള സ്പെഷ്യൽ പതിപ്പുകളും പ്രചാരണത്തിന്റെ അവസാനഘട്ടത്തിലേക്ക് മുന്നണികൾ കരുതിവച്ചിട്ടുണ്ട്. വയോജനങ്ങളെ വീടുകയറി കണ്ടും വീട്ടുവിശേഷങ്ങൾ ചോദിച്ചറിഞ്ഞും കുശലം പറഞ്ഞും പ്രചാരണ നോട്ടീസുകൾ കെെമാറിയും ഹൃദയബന്ധം സ്ഥാപിച്ചുള്ള പ്രചാരണത്തിന് തദ്ദേശതിരഞ്ഞെടുപ്പിൽ ഏറെ വിലയുണ്ടെന്ന് മുന്നണി നേതാക്കൾ പറയുന്നു.

ഹാസ്യവും ട്രോളുമെല്ലാം സിനിമയുമെല്ലാം കുത്തിനിറച്ച് ഓൺലൈൻ പ്രചാരണത്തിലൂടെ യുവത്വത്തെ ആകർഷിക്കാമെങ്കിലും ഇതെല്ലാം വോട്ടായി മാറണമെന്നില്ലെന്നാണ് ചില നേതാക്കളുടെ അഭിപ്രായം. പൊതുയോഗങ്ങളിലും പൊതു ഇടങ്ങളിലും യുവാക്കളുടെ പങ്കാളിത്തം കുറവാണ്. വിദ്യാർത്ഥികൾ പഠനത്തിനും യുവാക്കൾ ജോലിയ്ക്കുമായി മറുനാടുകളിലുമാണ്. അതുകൊണ്ടു തന്നെ യുവത്വത്തിന്റെ വോട്ട് എങ്ങനെ മാറിമറിയുമെന്ന് നേതൃത്വത്തിന് കൃത്യമായി പറയാനാകുന്നില്ല. പ്രചാരണങ്ങൾ അവസാനിക്കുന്നവരെ മുഴുവൻ പോസ്റ്ററുകളും വീഡിയോകളുമെല്ലാം ഉൾപ്പെടെ വലിയ തുകയ്ക്കാണ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കരാർ നൽകിയിരിക്കുന്നത്. ഹരിത പ്രോട്ടോക്കോൾ നിർബന്ധമാക്കിയതിനാൽ സാധാരണ ഫ്‌ളക്‌സുകൾക്ക് വിലക്കുണ്ട്.

പ്രതിഷേധവുമായി

ബി.എൽ.ഒമാർ

സ്ഥാനാർത്ഥികളുടെ പൂർണ്ണചിത്രം ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു. ഇനി പ്രചാരണ കൺവെൻഷനുകളും താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളുമാണ്. അപ്പോഴും ചില പുതിയ കാഴ്ചകൾ കാണും. ഈ സമയത്താണ് ബി.എൽ.ഒ. മാരുടെ പ്രതിഷേധമുയരുന്നത്. മുക്കിലും മൂലയിലും പോയി വോട്ടർമാരെ തിരഞ്ഞ് കണ്ടുപിടിക്കുക എളുപ്പമല്ല, അതിനിടയ്ക്കാണ് ടാർജറ്റ്. ചുമതലയേറ്റെടുക്കുമ്പോൾ ഇതൊന്നും പറഞ്ഞില്ല. ഇപ്പോൾ ഓരോ ദിവസവും നിയമം മാറുന്നു, ടാർജറ്റ് വരുന്നു. എന്നൊക്കെയാണ് ബി.എൽ.ഒമാരുടെ പരാതി. പഞ്ചായത്ത് തിരഞ്ഞെടുപ്പിനല്ല, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാണ് ബൂത്ത് ലെവൽ ഓഫീസർമാർ നടത്തുന്നതെങ്കിലും ദ്രുതഗതിയിൽ തീർക്കാനാണ് നിർദ്ദേശം. ഇതിനായി ടാർജറ്റുമുണ്ട്. നവംബർ 15 ഓടെ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനുള്ള (എസ്.ഐ.ആർ) അപേക്ഷ എല്ലാ വോട്ടർമാർക്കും എത്തിക്കണമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ഈ മാസം ഏഴ് മുതലാണ് ഫോം കൈയിൽ കിട്ടിയതെന്ന് പറയുന്നു. ഒരാഴ്ചയ്ക്കകം 1500 ഓളം പേരുടെ കൈകളിൽ ഇവ എങ്ങനെ എത്തിക്കാനാകുമെന്നാണ് അവർ ചോദിക്കുന്നത്. വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുണ്ടെങ്കിലും വീട് മാറിപ്പോയവരും സ്ഥലത്തില്ലാത്തവരുമുണ്ട്. സംസ്ഥാനത്ത് ഇതുവരെ ഫോം സ്‌കാൻ ചെയ്ത് ആപ്പിൽ രേഖപ്പെടുത്തി എസ്.ഐ.ആർ ഫോം നൽകിയത് 85ശതമാനം മാത്രമാണെന്ന് പറയുന്നു. ഫോം പൂരിപ്പിച്ച ശേഷം തിരികെ വാങ്ങാനും വീടുകൾ കയറിയിറങ്ങണം. മുൻപ് അംഗൻവാടി ടീച്ചർമാരായിരുന്നു ബി.എൽ.ഒമാർ. എന്നാൽ വോട്ടേഴ്‌സ് ഹെൽപ്പ്‌ലൈൻ ആപ്പിന്റെ ഉപയോഗവും മറ്റും ഇവരെ ബുദ്ധിമുട്ടിലാക്കിയതോടെയാണ് സർക്കാർ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ നിയമിച്ചത്. ചിലയിടങ്ങളിൽ അംഗൻവാടി ടീച്ചറുമാരും ബി.എൽ.ഒമാരായുണ്ട്. ഒരു രാഷ്ട്രീയ കക്ഷികളും ബി.എൽ.ഒമാരെ സഹായിക്കാനില്ലെന്ന പരാതിയുമുണ്ട്. ഓരോ രാഷ്ട്രീയ പാർട്ടികളുടെയും ബൂത്ത് ലെവൽ ഏജന്റുമാരുടെയും ലിസ്റ്റ് പോലും കൈമാറാതെയും പരിശീലനം നൽകാതെയുമാണ് ബി.എൽ.ഒമാർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ടാർജറ്റ് നിശ്ചയിച്ചതെന്നും ആക്ഷേപമുണ്ട്.

എസ്.ഐ.ആർ ഫോം തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടേഴ്‌സ് ലിസ്റ്റാണെന്നാണ് പലരും കരുതുന്നതെന്ന് ബി.എൽ.ഒമാർ പറയുന്നു. ബി.എൽ.ഒമാരെ സ്ഥാനാർത്ഥിയെന്ന് തെറ്റിദ്ധരിച്ച് വോട്ട് ചെയ്യാമെന്ന് വാഗ്ദാനം ചെയ്തവരും രാഷ്ട്രീയക്കാരോടുള്ള വിരോധം കൊണ്ട് നായയെ അഴിച്ചുവിട്ടവരുമുണ്ട്. ആദ്യം ഡിസംബർ നാലിന് മുൻപ് എസ്.ഐ.ആർ പൂർത്തിയാക്കിയാൽ മതിയെന്നായിരുന്നു നിർദ്ദേശം. പിന്നീടാണ് ഒരാഴ്ചകൊണ്ട് എല്ലാം തീർക്കണമെന്ന നിർദ്ദേശമുണ്ടായത്. വോട്ടേഴ്‌സ് ഹെൽപ്പ്‌ലൈൻ ആപ്പിൽ ഓരോ ദിവസവും അപ്‌ഡേഷൻ വരുന്നതിനാൽ നിത്യേന അൺ ഇൻസ്റ്റാൾ ചെയ്യുകയും ഇൻസ്റ്റാൾ ചെയ്യുകയും വേണമെന്നും പറയുന്നു.