89ലും കുറിക്കുന്നു ഹരിശ്രീ..!
തൃശൂർ: 42 വർഷം മുൻപ്, കേരളത്തിൽ അപൂർവം ഐ.സി.എസ്.ഇ സ്കൂളുകൾ മാത്രമുണ്ടായിരുന്നപ്പോൾ, തൃശൂരിൽ ആദ്യം അങ്ങനെയാരു സ്കൂളിന് 'ഹരിശ്രീ' കുറിച്ചതൊരു സ്ത്രീയായിരുന്നു, നളിനി ചന്ദ്രൻ!. തൃശൂരിന്റെ സ്വന്തം നളിനി മിസ്. കെ.ജി വിദ്യാർത്ഥികൾക്ക് അവർ ഇപ്പോഴും ആദ്യപാഠങ്ങളുടെ ഹരിശ്രീ കുറിക്കുന്നു, 89ാം വയസിലും.
ഒരു സ്ത്രീക്ക് തനിയെ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതും അതു വിജയിപ്പിക്കുന്നതും അന്നും ഇന്നും അസാദ്ധ്യമായിരിക്കെ, നാലര പതിറ്റാണ്ടുകാലം മുൻപ് അത് സഫലമാക്കിയതിന് പിന്നിലെ വെല്ലുവിളികൾ നളിനി ചന്ദ്രൻ ഓർത്തെടുത്തു: 'അദ്ധ്യാപനവും നൃത്തവുമായിരുന്നു ഇഷ്ടം. ലെഫ്റ്റനന്റ് കേണൽ ഈശ്വരചന്ദ്രനെ വിവാഹം കഴിച്ചതോടെ രാജ്യമെമ്പാടും സഞ്ചരിച്ച് പല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്തു. 1978ൽ പൂങ്കുന്നത്ത് താമസമാക്കിയപ്പോഴാണ് കുറച്ചു കുട്ടികളെ ഇംഗ്ളീഷ് പഠിപ്പിക്കാൻ തുടങ്ങിയത്. വീടിനോട് ചേർന്ന് ക്ളാസ് തുടങ്ങുമ്പോൾ വിദ്യാർത്ഥികൾ എട്ട്. എല്ലാത്തിനും ഒപ്പം നിന്ന ഭർത്താവ് തൊട്ടടുത്ത വർഷം ഹൃദയാഘാതം ബാധിച്ച് വിട പറഞ്ഞപ്പോഴും മനസ് തളർന്നില്ല. വെല്ലുവിളികളെ അതിജീവിച്ച് 1983ൽ ഹരിശ്രീ വിദ്യാനിധി ഐ.സി.എസ്.ഇ സ്കൂൾ തുറന്നു. പിന്നീട് ഹയർ സെക്കൻഡറിയായി. നിലവിൽ 1800ഒാളം വിദ്യാർത്ഥികൾ പഠിക്കുന്നു.
ആയിരക്കണക്കിന് ശിഷ്യർ
പരിശീലനം നൽകി നിരവധി അദ്ധ്യാപകരെയും പ്രിൻസിപ്പൽമാരെയും വാർത്തെടുത്തു. നിർദ്ധന വിദ്യാർത്ഥികൾക്ക് സഹായങ്ങളും ലഭ്യമാക്കി. എല്ലാ മതങ്ങളിലെയും ആദ്ധ്യാത്മിക പാഠങ്ങളും പകർന്നു നൽകി. ചെറുപ്പത്തിൽ കഥകളി അഭ്യസിച്ചിരുന്ന നളിനി ചന്ദ്രൻ, ഇംഗ്ലീഷ് നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
മുംബയിലെ കത്തീഡ്രൽ ആൻഡ് ജോൺ കോനൻ ഗേൾസ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എൽഫിൻസ്റ്റൺ കോളേജിൽ നിന്ന് ബിരുദം നേടി. മികച്ച അദ്ധ്യാപനത്തിനുള്ള ഗുരുവർ പുരസ്കാരം, രംഗോജ്ജ്വല അവാർഡ്, സംഗീതനാടക അക്കാഡമിയുടെ നൃത്ത സംവിധാനത്തിനുള്ള പുരസ്കാരം തുടങ്ങിയവ നേടി. സ്കൂൾ വിദ്യാഭ്യാസത്തിനും മാനവശേഷി വികസനത്തിനായുള്ള സംഭാവനകളെ മാനിച്ച് സി.ഐ.എസ്.സി.ഇയുടെ ഡെറോസിയോ പുരസ്കാരം കേരളത്തിൽ ആദ്യം നേടിയതും നളിനി ചന്ദ്രനാണ്. മക്കൾ: ദീപ്തി മേനോൻ (എക്സിക്യുട്ടീവ് ഡയറക്ടർ, ഹരിശ്രീ വിദ്യാനിധി സ്കൂൾ), നീലിമ (ചെന്നൈ), ഭാവന നായർ (ദുബായ്). മരുമക്കൾ: കേണൽ ഗോപിനാഥ് മേനോൻ, പ്രജോദ് വർമ്മ, രാജീവ് നായർ.
വിദ്യാർത്ഥികൾക്ക് സന്തോഷം നൽകി പഠിപ്പിക്കുകയാണ് പ്രധാനം. സങ്കടങ്ങളെയും പ്രതിസന്ധികളെയും നേരിടാനുള്ള കഴിവ് വിദ്യാർത്ഥികൾക്ക് നൽകേണ്ടത് അദ്ധ്യാപകരാണ്. -നളിനി ചന്ദ്രൻ