സ്‌കൂളിൽ സഹാദ്ധ്യാപകർ;വാർഡിൽ എതിരാളികൾ 

Monday 17 November 2025 9:25 PM IST

പയ്യന്നൂർ: നഗരസഭാ തിരഞ്ഞെടുപ്പിൽ അപൂർവമായ ഒരു മത്സരരംഗം ഒരുക്കുകയാണ് അന്നൂർ യു.പി സ്‌കൂളിലെ രണ്ട് അദ്ധ്യാപികമാർ. ഒരേ വിദ്യാലയത്തിൽ സഹപ്രവർത്തകരും അയൽവാസികളുമായ കെ.സീമയും ഗീത ദിനേശും 39ാം വാർഡായ അന്നൂർ സൗത്തിൽ നേരിട്ട് ഏറ്റുമുട്ടുകയാണ്. പയ്യന്നൂർ എജ്യൂക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള അന്നൂർ യു.പി സ്‌കൂളിൽ ഒരുമിച്ച് ജോലി ചെയ്യുന്ന ഇരുവരും ഇപ്പോൾ വ്യത്യസ്ത രാഷ്ട്രീയ മുന്നണികളുടെ സ്ഥാനാർത്ഥികളായി രംഗത്തെത്തിയിരിക്കുകയാണ്.എൽ.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ.സീമയുടേത് കന്നിയങ്കമാണ്.കെ.എ.പി.ടി യൂണിയൻ സംസ്ഥാന നേതാവും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന കെ.രാഘവൻ മാഷിന്റെ മകളാണ് സീമ. യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഗീത ദിനേശിന് പ്രാദേശിക ഭരണരംഗത്ത് പരിചയമുണ്ട്. 2005-2010 കാലഘട്ടത്തിൽ നഗരസഭാ കൗൺസിലറായും നഗരസഭാ സ്ഥിരംസമിതി അദ്ധ്യക്ഷയായും സേവനം അനുഷ്ഠിച്ച അവർ കെ.പി.എസ്.ടി.എ ബ്രാഞ്ച് ട്രഷററും ആണ്.