ഇനി 150 വർഷം വരെ ജീവിക്കാം, ആയുസ് കൂട്ടാനും ഗുളികകൾ, പുതിയ കണ്ടുപിടിത്തവുമായി ശാസ്ത്രജ്ഞർ
ബീജിംഗ്: മനുഷ്യന്റെ ആയുസ് വർദ്ധിപ്പിക്കാനുളള പരീക്ഷണങ്ങൾക്ക് ഒടുവിൽ വിരാമം. മനുഷ്യനെ 150 വർഷം വരെ ജീവിക്കാൻ സഹായിക്കുന്ന ഗുളിക കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞർ. ചൈനയിലെ ഷെൻഷെൻ ആസ്ഥാനമായുള്ള ബയോടെക്നോളജി കമ്പനിയിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നിലുള്ളത്.
മനുഷ്യന്റെ ശരാശരി ആയുസ് 65നും 75നും ഇടയിലാണ്. ഇത് മറികടക്കാനാണ് 150 വർഷം വരെ ജീവിക്കാനുള്ള മരുന്ന് കണ്ടുപിടിച്ചതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ലോൺവി ബയോസയൻസസ് വികസിപ്പിച്ചെടുത്ത ഈ മരുന്ന് വാർദ്ധക്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ‘വാർദ്ധക്യ കോശങ്ങളെ’ അഥവാ ‘സോംബി കോശങ്ങളെ’ ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. ഗുളിക കഴിക്കുന്നതിലൂടെ വാർദ്ധക്യം മന്ദഗതിയിലാക്കാനും അതുവഴി ആയുസ് കൂട്ടാനും കഴിയും. മുന്തിരി വിത്തിലെ പ്രോസയാനിഡിൻ സി1 എന്ന തന്മാത്രയാണ് ഗുളികയുടെ പ്രധാന ഘടകം. എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഇപ്പോൾ കണ്ടെത്തിയ ഗുളിക ആയുസ് വർദ്ധിപ്പിക്കാൻ കാരണമായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
'150 വർഷം വരെ ജീവിക്കാൻ കഴിയുന്നത് സാധ്യമായ കാര്യമാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ അത് പ്രാവർത്തികമാക്കാൻ കഴിയും' കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസർ ലിയു ക്വിൻഹുവ പറഞ്ഞു. അതേസമയം എലികളിൽ നടത്തിയ പഠനങ്ങൾ പ്രാഥമിക തലത്തിൽ മാത്രമുള്ളതാണ്. ഗുളികയുടെ സുരക്ഷയെക്കുറിച്ചും മനുഷ്യരിൽ എങ്ങനെ പ്രവർത്തിക്കുമെന്നും ഇനിയും പരീക്ഷണങ്ങൾ നടത്തണമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.