തീർത്ഥാടനം ആരംഭിച്ചിട്ടും ദേശീയപാതയിൽ മുന്നൊരുക്കമായില്ല

Tuesday 18 November 2025 12:57 AM IST

പീരുമേട്: ശബരിമല തീർത്ഥാടനം ആരംഭിച്ചിട്ടും ദേശീയപാത -183ൽ വേണ്ട മുന്നൊരുക്കമായിട്ടില്ല.കുട്ടിക്കാനം മുതൽ കുമളി വരെയുള്ള ദിണ്ടുക്കൽ - കൊട്ടാരക്കര ദേശീയപാതയുടെ വശങ്ങളിൽ കാട്ടുവള്ളികളും വള്ളിപടർപ്പുകളും പടർന്നു കയറിയാണ് അപകട ഭീഷണി ഉയർത്തുന്നത്. സിഗ്നൽ ലാമ്പുകളിലും, ക്രാഷ് ബാരിയറിലും കാട്ടുചെടികൾ പടർന്നു കിടക്കുന്നതുമൂലം റോഡും വശങ്ങളിലെ കുഴിയും തമ്മിൽ തിരിച്ചറിയാനാകുന്നില്ല. രാത്രികാലങ്ങളിൽ അന്യസംസ്ഥാന വാഹന യാത്രക്കാരും ശബരിമല തീർഥാടകരും പ്രതിസന്ധിയിലാകുന്നുണ്ട്. മരിയഗിരി സ്‌കൂൾ, പീരുമേട് ഗസ്റ്റ് ഹൗസ് ജംഗ്ഷൻ. മത്തായി കൊക്ക, സേവനാലയം ജംഗ്ഷൻ, ഫാർമസി വളവ്, 56ാം മൈൽ, 59ാം മൈൽ. ഹൈസ്‌കൂൾ ജംഗ്ഷൻ ചോറ്റുപാറ, 62ാം മൈൽ എന്നിവിടങ്ങളിലാണ് പ്രശ്നം കൂടുതൽ. തീർത്ഥാടന കാലമായതോടെ വാഹനങ്ങളുടെ തിരക്കും വർദ്ധിച്ചിരിക്കുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന തീർത്ഥാടകർ കൊടും വളവുകളും വള്ളിപടർപ്പുകളും മൂലം അപകടത്തിൽപ്പെടുന്നുണ്ട്.മുമുൻപ് ദേശീയപാത വിഭാഗം ശബരിമല തീർത്ഥാടനത്തിന് മുന്നേ തന്നെ ഒരുക്കം നടത്താറുണ്ടായിരുന്നെങ്കിലും ഈ സീസണിൽ ഇതുവരെയും കാടുവെട്ടിത്തെളിച്ച് പാതയിലെ തടസങ്ങൾ നീക്കാൻ തയ്യാറായിട്ടില്ല. തീർത്ഥാടനകാലം ആരംഭിച്ചിട്ടും മേഖലയിൽ മുന്നൊരുക്കം നടത്താൻ ദേശീയപാത അധികൃതർ തയ്യാറാകാത്തതിൽ പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്.