ഡൽഹി സ്ഫോടനം: ഡ്രോൺ,​ റോക്കറ്റ് ആക്രമണങ്ങൾക്കും ഭീകരർ പദ്ധതിയിട്ടു,​ ഉമറിന്റെ സഹായിയായ ഡ്രോൺ വിദഗ്ദ്ധൻ പിടിയിൽ

Monday 17 November 2025 10:15 PM IST

ന്യൂഡൽഹി : രാജ്യത്ത് ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ ഭീകരർ‌ ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്. ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കാളിയായ ഒരാളെക്കൂടി എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്.

സ്ഫോടനത്തിലെ ചാവേറായ ഉമർ നബിയുടെ സഹായി കാശ്മീർ സ്വദേശിയായ യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ഡ്രോണുകളും റോക്കറ്റുകളും നിർമ്മിക്കുന്നതിൽ വിദഗ്ദ്ധനാണ് ഡാനിഷെന്ന് അന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഉമറുമായി ചേർന്ന് ഡാനിഷ് ഭീകരാക്രമണം ആസൂത്രണം ചെയ്തിരുന്നതായാണ് വിവരം. ഡാനിഷിൽ നിന്ന് ഭീകരാക്രമണത്തിനുള്ള സാങ്കേതിക സഹായം ഉമർ തേടിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്. മൂന്നു ദിവസംമുൻപാണ് ഡാനിഷിനെ ദ ജമ്മു കാശ്മീർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഖാസിഗുണ്ട് സ്വദേശിയാണ് യാസിർ എന്ന ഡാനിഷ്.

ഡൽഹി പൊലീസ്,​ ജമ്മു കാശ്മീർ പൊലീസ്,​ ഹരിയാന പൊലീസ്,​ യു.പി പൊലീസ് ,​ മറ്റ് കേന്ദ്ര യൂണിറ്റുകൾ എന്നിവയുമായി സഹകരിച്ച് പഴുതടച്ച അന്വേഷണമാണ് എൻ.ഐ.എ നടത്തുന്നത്. ഭീകരാക്രമണത്തിന്റെ ആസൂത്രണം,​ സാധന സാമഗ്രികൾ എത്തിക്കൽ,​ ഫണ്ടിംഗ് എന്നിവ ഉൾപ്പെടെ ആക്രമണത്തിന് പിന്നിലെ വലിയ ശൃംഖലയെ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.