പത്രികകളെത്തിത്തുടങ്ങി കണ്ണൂരിൽ 121;കാസർകോട്ട് പത്ത്

Monday 17 November 2025 10:18 PM IST

കണ്ണൂർ/കാസർകോട്:തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രികാസമർപ്പണം തുടങ്ങി. കണ്ണൂർ ജില്ലയിൽ ഇതുവരെ 121 പത്രികകളും കാസർകോട് ജില്ലയിൽ പത്തും നാമനിർദ്ദേശപത്രികളാണ് സമർപ്പിച്ചത്.

കാസർകോട് ജില്ലയിലെ മീഞ്ച ഗ്രാമ പഞ്ചായത്തിൽ നാല് നാമനിർദ്ദേശപത്രികളാണ് സമർപ്പിക്കപ്പെട്ടത്. പൈവളിഗെയിൽ രണ്ടും ഉദുമ , ഈസ്റ്റ് എളേരി, എൻമകജെ,​ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തുകളിൽ ഒന്നു വീതവും പത്രികകൾ സമർപ്പിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലാ പഞ്ചായത്തിൽ 57, ഗ്രാമപഞ്ചായത്തുകളിൽ 60, തളിപ്പറമ്പ്, ശ്രീകണ്ഠാപുരം നഗരസഭകളിലായി ആകെ മൂന്ന്, കണ്ണൂർ കോർപ്പറേഷനിൽ ഒന്ന് വീതം നാമനിർദ്ദേശപത്രികകൾ സമർപ്പിക്കപ്പെട്ടു.നവംബർ 21 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാവുന്നത്. രാവിലെ 11 മണിക്കും വൈകീട്ട് മൂന്ന് മണിക്കുമിടയിലാണ് പത്രിക സമർപ്പിക്കേണ്ടത്. സൂക്ഷ്മപരിശോധന 22ന് നടത്തും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയ്യതി 24 ആണ്.