ഉയരപ്പാത അപകടം : സുരക്ഷാ ഓഡിറ്റ് ഇന്ന് മുതൽ

Tuesday 18 November 2025 1:19 AM IST

നിർമ്മാണ കമ്പനിക്ക് വീഴ്ച

ആലപ്പുഴ: ദേശീയപാത നിർമ്മാണത്തിൽ സുരക്ഷ ഉറപ്പുവരുത്താൻ കർശന നിർദേശം നൽകി ജില്ലാ കളക്ടർ. ഇനി ഗതാഗത ക്രമീകരണം ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും ഉയരപ്പാതകളിൽ ഗർഡർസ്ഥാപിക്കുക. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കർശന സുരക്ഷ ഉറപ്പുവരുത്തണമെന്ന് ദേശീയപാത അതോറിട്ടിയോടും നിർമ്മാണ കമ്പനിയോടും കളക്ടർ അലക്സ് വർഗീസ് ആവശ്യപ്പെട്ടു. അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ അപകടം സംഭവിച്ച പശ്ചാത്തലത്തിൽ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവലോകനം ചെയ്യുന്നതിന് വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടത്തിൽ നിർമ്മാണ കമ്പനിക്ക് വീഴ്ച പറ്റിയതായി യോഗം വിലയിരുത്തി. കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയും മേൽനോട്ടത്തോടെയും മാത്രമേ ഇനിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കൂ. നിർമ്മാണം പൂർത്തീകരിച്ച ഭാഗങ്ങളിൽ പരമാവധി വേഗത്തിൽ റോഡ് ടാറിംഗ് പൂർത്തീകരിക്കണം. ദേശീയപാതയിൽ 19 സ്ഥലത്തുള്ള കയ്യേറ്റങ്ങൾ തിട്ടപ്പെടുത്തുന്നതിന് സർവ്വേ ടീമിനെ നിയോഗിക്കും. നിർമ്മാണം പൂർത്തീകരിച്ച മേഖലകളിലെ അവശിഷ്ടങ്ങൾ റോഡിൽ നിന്ന് എത്രയും വേഗം നീക്കം ചെയ്യാനും കമ്പനിക്ക് നിർദ്ദേശം നൽകി. യോഗത്തിൽ ദേശീയപാത അതോറിട്ടി ഡിവിഷണൽ മാനേജർമാർ, നിർമ്മാണ കമ്പനി പ്രതിനിധികൾ, ഡെപ്യൂട്ടി കളക്ടർമാർ, പൊലീസ്, വാട്ടർ അതോറിട്ടി, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സുരക്ഷാ ഓഡിറ്റിംഗ് നടത്തുന്നതിനുള്ള റൈറ്റ്സ് സംഘം ഇന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധന നടത്തും. അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. ദേശീയപാത അതോറിട്ടിയിലെ വിദഗ്ധരായ എ.കെ .ശ്രീവാസ്തവ, അശോക് കുമാർ മാത്തൂർ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷാപരിശോധന നിലവിൽ ആരംഭിച്ചതായി ദേശീയപാത അധികൃതർ യോഗത്തെ അറിയിച്ചു. ഗതാഗതം വഴിതിരിച്ചുവിടുന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബർ ആദ്യം തന്നെ പൂർത്തീകരിക്കാൻ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

സുരക്ഷ ഉറപ്പുവരുത്താൻ കർശന നിർദേശം

 ഉയരപ്പാതയിൽ ഗർഡറുകൾ സ്ഥാപിക്കുന്ന സമയത്ത് ഗതാഗത ക്രമീകരണവും വഴിതിരിച്ചു വിടലും

 വാഹനഗതാഗതം തടയുന്നതിന് ബാരിക്കേഡുകൾ സ്ഥാപിക്കണം

 ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ ഷെഡ്യൂൾ ഒരാഴ്ച മുൻപ് നിർമ്മാണ കമ്പനി പൊലീസിന് നൽകണം

ഗതാഗതം ക്രമീകരിക്കുന്നതിനായി പൊലീസ് 25 പേരെയും നിർമ്മാണ കമ്പനി 86 മാർഷൽമാരെയും നിയോഗിച്ചു

 മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ മേഖലയിൽ നൈറ്റ്‌ ട്രാഫിക് ഓഡിറ്റ് നടത്തും

 ട്രാഫിക് നിയന്ത്രിക്കുന്ന മാർഷലുകളുടെ വിന്യാസമടങ്ങിയ ഒരാഴ്ചത്തെ ഷെഡ്യൂൾ പൊലീസിന് കൈമാറണം

 ദേശീയപാതയിലെ അപകട മേഖലകളിൽ 25നകം ട്രാഫിക് ഓഡിറ്റ് നടത്താൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം

ഉയരപ്പാതയിൽ ആകെയുള്ള 379 ബേയിൽ 313 ബേകളുടെ പണികൾ പൂർത്തീകരിച്ചു. ബാക്കി 66 ബേകളുടെയും 168 ഗർഡറുകളുടെയും പ്രവൃത്തികൾ ഡിസംബറിൽ തന്നെ പൂർത്തിയാക്കും

- ദേശീയപാത അധികൃതർ