പൊതുയോഗ വിവരങ്ങൾ മുൻകൂട്ടി അറിയിക്കണം
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാർട്ടിയോ സ്ഥാനാർത്ഥിയോ പൊലീസിനെ മുൻകൂട്ടി അറിയിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അലക്‌സ് വർഗീസ് അറിയിച്ചു. ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനുമാണിത്. തിരഞ്ഞെടുപ്പ് പൊതുയോഗങ്ങൾ നടത്തുന്നതിന് പെരുമാറ്റച്ചട്ടം നിർബന്ധമായും പാലിക്കണം. തങ്ങളുടെ അനുയായികൾ മറ്റുകക്ഷികളുടെ യോഗങ്ങളും ജാഥകളും തടസപ്പെടുത്തുകയോ, അവയിൽ ഛിദ്രമുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് ഓരോ രാഷ്ട്രീയകക്ഷിയും സ്ഥാനാർത്ഥികളും ഉറപ്പുവരുത്തണം.
ഒരു കക്ഷിയുടെ യോഗം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തുകൂടി മറ്റൊരുകക്ഷി ജാഥ നടത്തുവാൻ പാടില്ല. യോഗം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തിൽ ഇല്ലെന്ന് രാഷ്ട്രീയകക്ഷികളും സ്ഥാനാർത്ഥികളും ഉറപ്പുവരുത്തണംപൊതുയോഗങ്ങൾ തടസപ്പെടുത്തുകയോ യോഗസ്ഥലത്ത് ക്രമരഹിതമായി പ്രവർത്തിക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്ക് മൂന്നുമാസം വരെ തടവോ ആയിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കുന്നതാണ്.
സർക്കാരിന്റെയോ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള ഹാളുകളിൽ യോഗങ്ങൾ നടത്താൻ അനുവദിക്കുകയാണെങ്കിൽ അപ്രകാരം യോഗങ്ങൾ നടത്തുന്നതിന് എല്ലാ രാഷ്ട്രീയകക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും തുല്യ അവസരം നൽകേണ്ടതാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മൈതാനങ്ങൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല.