ആലപ്പുഴ മെഡി.കോളേജ് ആശുപത്രി ഫാർമസിയിൽ പേരിന് പോലുമില്ല മരുന്ന് !
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാർമസിയിൽ പേരിന് പോലും മരുന്നില്ലെന്ന് രോഗികളും കൂട്ടിരിപ്പുകാരും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പുലർച്ചെ ഒ.പിയിലെത്തി ഡോക്ടർമാരുടെ കുറിപ്പടിയുമായി ഫാർമസി കൗണ്ടറിന് മുന്നിൽ മണിക്കൂറുകളോളം ക്യൂ നിന്ന് കഴിയുമ്പോഴാണ് മരുന്നില്ലെന്ന് അറിയുന്നത്. ഇതുകാരണം രോഗികളും ഫാർമസി ജീവനക്കാരും തമ്മിൽ വാക്കേറ്റം പതിവാണ്. 10 മരുന്നുകളുടെ കുറിപ്പടിയുമായി ചെന്നാൽ രണ്ടെണ്ണമെങ്കിലും ലഭിച്ചാൽ ഭാഗ്യമെന്നാണ് രോഗികളുടെ ബന്ധുക്കൾ പറയുന്നത്. ഹൃദ് രോഗികൾ, ക്യാൻസർരോഗികൾ, നെഫ്രോ, ന്യൂറോ സംബന്ധമായ അസുഖമുള്ളവർ തുടങ്ങിയവർക്കുള്ള മരുന്നുകളൊന്നും ഫാർമസിയിൽ ലഭിക്കാറില്ലെന്നും ആരോപണം ശക്തമാണ്.
സ്റ്റോക്ക് പ്രദർശിപ്പിക്കണമെന്ന് ആവശ്യം
# ജില്ലയിലെ നിർധനരായ രോഗികളുടെ ഏക ആശ്രയമായ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവശ്യ മരുന്നുകൾ പോലും ലഭിക്കാതെ വന്നതോടെ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വൻ വിലകൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ്
# പ്രധാനപ്പെട്ട മരുന്നുകളുടെ സ്റ്റോക്ക് വിവരം കൗണ്ടറിന് മുന്നിൽ പ്രദർശിപ്പിച്ചാൽ ഒരുപരിധി വരെ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. സ്റ്റോക്ക് നോക്കി ക്യൂ നിന്നാൽ മതിയാകും.സമയവും ലാഭം
കയർ, കർഷകത്തൊഴിലാളികൾ കൂടുതലുള്ള ജില്ലയിലെ രോഗികളുടെ ഏക ആശ്രയമാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി. മരുന്നുകൾ സൗജന്യമായി ലഭിക്കുമെന്നതിനാലാണ് പാവപ്പെട്ട രോഗികൾ ഇവിടെ എത്തുന്നത്. എന്നാൽ, പല മരുന്നുകളും ഫാർമസിയിൽ നിന്ന് ലഭിക്കാത്തത് വല്ലാത്ത ബുദ്ധിമുട്ടാണ്
- യു.എം.കബീർ, പൊതുപ്രവർത്തകൻ