വാഹനഡ്രൈവർമാരുടെ കാഴ്ച മറച്ച് റോഡിലേയ്ക്കിറങ്ങിയ കാട് അപകടഭീഷണിയാകുന്നു
സുൽത്താൻ ബത്തേരി: വാഹനഡ്രൈവർമാരുടെ കാഴ്ച മറക്കുന്ന തരത്തിൽ പാതയോരത്ത് വളർന്ന് നിൽക്കുന്ന കാടും, റോഡിലെ കുഴികകളും അപകടഭീഷണിയാകുന്നു. അമ്പലവയൽ മാങ്കൊമ്പ് അമ്പകുത്തി റോഡിൽ കൊച്ചംങ്കോട് പാലത്തിന് സമീപമാണ് അപകട ഭീഷണിയുയർത്തി കാടും പാലത്തിനോട് ചേർന്ന് റോഡിൽ വലിയ കുഴികളും രൂപപ്പെട്ടിരിക്കുന്നത്.
അമ്പുകുത്തിയിൽ നിന്ന് അമ്പലവയലിലേക്ക് പോകുമ്പോൾ ഇറക്കം ഇറങ്ങിചെല്ലുന്ന ഉടനെയാണ് പാലമുള്ളത്. ഇവിടെ ചെറിയൊരു വളവുമുണ്ട്. എന്നാൽ ഈ ഭാഗത്ത് പാതയിലേക്ക് കാട് വളർന്നുനിൽക്കുകയാണ്. ഇത് മറുഭാഗത്തുനിന്ന് വാഹനങ്ങൾ വരുമ്പോൾ ഡ്രൈവർമാർക്ക് കാണാൻ സാധിക്കില്ല. കൂടാതെ പാലം കഴിഞ്ഞും ഇതേ അവസ്ഥയിലാണ്. കാട് പാതയിലേക്ക് വളർന്നിറങ്ങിയിരിക്കുകയാണ്. പാലമുള്ളത് കാണിക്കുന്ന മുന്നറയിപ്പ് സൂചകങ്ങൾ വരെ കാടുമൂടികഴിഞ്ഞു. ഇതുകാരണം ഇതിലൂടെഎത്തുന്ന വാഹന ഡ്രൈവർമാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർക്ക് ഒതുങ്ങിനിൽക്കാൻപോലും സാധിക്കാത്ത വിധത്തിലാണ് കാട് വളർന്ന് റോഡിലേക്ക് നിൽക്കുന്നത്.
റോഡിന്റെ ഈ ഭാഗത്തുതന്നെ വലിയ കുഴിയും റോഡിൽ രൂപ്പെട്ടിട്ട് നാളുകളായി. പാലത്തിനോട് ചേർന്നാണ് വലിയഗർത്തംപോലെ കുഴി രൂപപ്പെട്ടത് എന്നതിനാൽ പാലത്തിന്റെ നിലനിൽപ്പിനും ഭീഷണിയായിട്ടുണ്ട്. മഴപെയ്യുമ്പോൾ ഈകുഴികളിൽ വെള്ളംകെട്ടിനിൽക്കുന്നതുകാരണം ഇരുചക്രവാഹനങ്ങളടക്കമുള്ള ചെറിയവാഹനങ്ങളും കടന്നുപോകാൻ ബുദ്ധിമുട്ടുകയാണ്. ഇവിടെ പാലത്തിനോട് ചേർന്ന് റോഡ് ചെറിയരീതിയിൽ താഴ്ന്നുംതുടങ്ങിയിട്ടുണ്ട്. റോഡിന് വീതിയില്ലാത്തതും വാഹനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. മാങ്കൊമ്പ് മുതൽ കൊച്ചംങ്കോട് വരെയുള്ള ഭാഗത്താണ് റോഡിന് തീരെ വിതിയില്ലാത്തത്. മഴവെള്ളം ഒഴികിപോകാനുള്ള ഡ്രൈനേജ് സംവിധാനം ഇല്ലാത്തതുകാരണം വെള്ളം റോഡിലൂടെ കുത്തിയൊഴുകി റോഡിന്റെ ഇരുവശങ്ങളിലും വലിയ ചാലുകളും രൂപപ്പെട്ടിട്ടുണ്ട്. ഇതുകാരണം വാഹനങ്ങൾക്ക് വശംമൊതുങ്ങി പോകാൻ പോലും സാധിക്കുന്നില്ല. ഒരു സ്വകാര്യബസും നിരവധി സ്‌കൂൾബസുകളും മറ്റ് വാഹനങ്ങളും കടന്നുപോകുന്ന ഈ പാതയോരത്തെ കാട് വെട്ടിമാറ്റിയും റോഡ് അറ്റകുറ്റപണികൾ ചെയ്തും പൂർണമായരീതിയിൽ ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.