രേഖകൾ കൈമാറി 2 വർഷം കഴിഞ്ഞിട്ടും കുമഴി ഗ്രാമവാസികളുടെ പുനരധിവാസം നടന്നില്ല
സുൽത്താൻ ബത്തേരി: വനമേഖലയിൽ നിന്ന് ഒഴിഞ്ഞു പോകാൻ തയ്യാറായി സ്വന്തം കിടപ്പാടത്തിന്റെ രേഖകൾ വനംവകുപ്പിന് കൈമാറി രണ്ട് വർഷമായിട്ടും പുനരധിവാസം മാത്രം നടന്നില്ല. കുമഴി ഗ്രാമത്തിലെ 28 കുടുംബങ്ങളാണ് ദുരിതത്തിലായത്.
നൂൽപ്പുഴ പഞ്ചായത്തിലെ കുമഴി വനഗ്രാമത്തിലെ ഈ കുടുംബങ്ങൾ അധികൃതരുടെ കനിവും കാത്തു കഴിയാൻ തുടങ്ങിയിട്ട് രണ്ട് വർഷമായി. 28 ജനറൽ കുടുംബങ്ങളും നൂറിലേറെ ഗോത്ര കുടുംബങ്ങളുമാണ് ഇവിടെ താമസിച്ചുവരുന്നത്. ഇതിൽ ജനറൽ കുടുംബങ്ങളെയാണ് റിബിൽഡ് കേരള പദ്ധതി പ്രകാരം വനത്തിന് പുറത്തേക്ക് പുനരധിവസിപ്പിക്കുന്നതിന് വേണ്ടി നടപടിയായത്. ഇതുപ്രകാരം 2024 ഈ കുടുംബങ്ങളിൽ നിന്ന് ആദ്യം ഭൂമിയുടെ രേഖകളടക്കം വനംവകുപ്പ് വാങ്ങുകുയും കരാറുണ്ടാക്കുകയും ചെയ്തിരുന്നു. വനംവകുപ്പ് ആവശ്യപ്പെട്ട രേഖകളെല്ലാം ശരിയാക്കിയെടുക്കാൻ അരലക്ഷം രൂപ വരെ ചെലവഴിച്ചവരുമുണ്ട്. എന്നിട്ടും ഇപ്പോഴും ഇവരെ പുനരധിവസിപ്പിക്കുന്ന നടപടി ക്രമങ്ങൾ നീളുകയാണ്. പദ്ധതി പ്രകാരം 18 വയസുള്ളവരെ ഒരു യോഗ്യത കുടുംബം എന്നനിലയിൽ കണക്കാക്കി പതിനഞ്ച് ലക്ഷം രൂപ വീതമാണ് നൽകുക. പക്ഷേ ഇതുവരെ പുനരധിവാസ നടപടികൾ എവിടെ വരെയെത്തി എന്നതിനെകുറിച്ചുപോലും വ്യക്തതയില്ല. നൂറ് ഏക്കറോളം വയലുള്ള പ്രദേശമാണ് കുമഴി. ഇവിടെ നെൽകൃഷിചെയ്തും ഇടവിളകൾ ചെയ്തുമായിരുന്നു കുടുംബങ്ങൾ കഴിഞ്ഞിരുന്നത്. എന്നാൽ കാട്ടാന, പന്നി, മാൻ, കുരങ്ങ് അടക്കമുള്ളവയുടെ ശല്യം വർദ്ധിച്ചതോടെ എല്ലാവരും നെൽകൃഷി ഉപേക്ഷിച്ചു. പിന്നീട് പലരും കപ്പ, ചേന ചേമ്പ് അടക്കമുള്ള കൃഷികൾ ചെയ്തു. കാവലിരുന്നിട്ടും കാട്ടാനകളും പന്നിയുമെല്ലമെത്തി വിളകൾ നശിപ്പിക്കാൻ തുടങ്ങി. പിന്നീട് പലരും കാച്ചിൽ കൃഷിയിലേക്ക് കടന്നു. ആദ്യവർഷങ്ങളിൽ കാച്ചിൽ കൃഷിക്കുനേരെ വന്യമൃഗശല്യം കുറവായിരുന്നു. ഇതിന്റെ ഇലയക്ക് കൊഴുപ്പുള്ളതും കട്ടിയുള്ളതുംകാരണമായിരുന്നു കാരണം. എന്നാൽ ഈ വർഷം കാച്ചിൽ കൃഷിയും കാട്ടാനയെത്തി ചവിട്ടി നശിപ്പിച്ചു. ഇതോടെ കാച്ചിൽ കൃഷി ചെയ്യാനും സാധിക്കാത്ത അവസ്ഥയാണിവിടെയെന്നാണ് കർഷകർ പറയുന്നു. കാച്ചിൽ സീസൺ കൃഷിയായതിനാൽ കൃഷിജോലികളും ഗ്രാമത്തിൽ ഇല്ലാതായിരിക്കുകയാണ്. ഇതുകാരണം ജോലി അന്വേഷിച്ച് പുറത്തുപേകേണ്ട അവസ്ഥയാണ്. വനത്തിലൂടെ രണ്ട് കിലോമീറ്റർ നടന്ന് വേണം പുറം ലോകത്തെത്താൻ. ഇത്തരത്തിൽ പുറത്തുപോകുന്നവർ നേരം ഇരുട്ടുന്നതിനുമുമ്പായി വീട്ടിലെത്തിയില്ലെങ്കിൽ ബന്ധുക്കളുടെ ഉള്ളിൽ ആധികയറും. മുത്തങ്ങയിൽ നിന്ന് കുമഴിയിലേക്ക് എത്തുന്ന കാനന പാതയിൽ പകൽ പോലും ആനകളുണ്ട്. അങ്ങനെയുള്ളപ്പോൾ രാത്രികാലങ്ങളിൽ എങ്ങനെ ഇതുവഴി വീട്ടിലേക്ക് എത്തുമെന്നതാണ് ആധിയ്ക്ക് കാരണം. ഇതുകാരണം നേരം ഇരുട്ടിയാൽ പിന്നെ ആളുകൾ പുറത്ത് എവിടെയെങ്കിലും താമസിച്ച് അടുത്ത ദിവസമാണ് സ്വന്തം ഗ്രാമത്തിലേക്ക് എത്തുക. രാത്രികാലങ്ങളിൽ ഗ്രാമത്തിലെ ആർക്കെങ്കിലും അസുഖമായാൽ ജീവൻപണയംവെച്ചാണ് ആശുപത്രിയിലെത്തിക്കുക. മൊബൈലിന് ഗ്രാമത്തിൽ കവറേജ് ഇല്ലാത്തതും ആളുകളെ ദുരിതത്തിലാക്കുകയാണ്.പുനരധിവാസം എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്നാണ് കുമഴി നിവാസികളുടെ ആവശ്യം