ബീഹാറിൽ നിതീഷ് സർക്കാരിന്റെ സത്യപ്രതിജ്ഞ 20ന്, ഗവർണർക്ക് രാജി നൽകി, തേജസ്വി പ്രതിപക്ഷ നേതാവ്
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തെ തുടർന്ന് ജെ.ഡി.യു അദ്ധ്യക്ഷൻ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ 20ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും. പാട്‌ന ഗാന്ധിമൈതാനിയിലെ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും എൻ.ഡി.എ മുഖ്യമന്ത്രിമാരും മുന്നണി നേതാക്കളും പങ്കെടുക്കും.
നിലവിലുള്ള നിയമസഭ പിരിച്ചുവിടുന്നതിന്റെ ഭാഗമായി നിതീഷ് ഇന്നലെ രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജി നൽകി. ഇന്നലെ ചേർന്ന 17-ാം നിയമസഭയുടെ അവസാന മന്ത്രിസഭാ യോഗം 19ന് നിയമസഭ പിരിച്ചുവിടാനുള്ള പ്രമേയം പാസാക്കി. 19ന് ചേരുന്ന നിയമസഭാകക്ഷി യോഗം നിതീഷിനെ നേതാവായി തിരഞ്ഞെടുക്കും. തുടർന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നതിനാൽ ഗാന്ധിമൈതാനത്ത് 20 വരെ പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചു. അതിനിടെ രാഘോപൂരിൽ നിന്നുള്ള ആർ.ജെ.ഡി എം.എൽ.എ തേജസ്വി യാദവ് ബീഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ആർ.ജെ.ഡി ആകെ സീറ്റിന്റെ(243) പത്തു ശതമാനത്തിൽ(25) ജയിച്ചതിനെ തുടർന്നാണിത്.
റീപോൾ വേണം:
റോബർട്ട് വാദ്ര
ബീഹാറിലെ എൻ.ഡി.എയുടെ വിജയം സംശയകരമായ സാഹചര്യത്തിലാണെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര ആവശ്യപ്പെട്ടു. ബീഹാറിലെ ജനങ്ങൾ യഥാർത്ഥത്തിൽ സന്തുഷ്ടരല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ കാരണമാണ് എൻ.ഡി.എ വിജയം സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചു.