ആറ്റിങ്ങലിൽ ആൺകുട്ടികൾക്ക് ബാലഭവൻ ഒരുങ്ങുന്നു

Tuesday 18 November 2025 4:23 AM IST

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നിയന്ത്രണത്തിൽ ആറ്റിങ്ങലിൽ ആൺകുട്ടികൾക്കായി ബാലഭവൻ ഒരുങ്ങുന്നു. നിലവിൽ തൈക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്തെ ആറ് വയസിന് മുകളിലുള്ള ആൺകുട്ടികളെ ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ വാടകക്കെട്ടിടത്തിൽ ആരംഭിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റും. പ്രത്യേകമായി ഒരുക്കിയിട്ടുള്ള ഡോർമിറ്ററികളിലായിരിക്കും കുട്ടികളെ താമസിപ്പിക്കുക. നിലവിൽ മികച്ച സൗകര്യങ്ങൾ ഉറപ്പാക്കിക്കൊണ്ട് കൗൺസലിംഗ് റൂം, ക്ലാസ് റൂം, ലൈബ്രറി, കമ്പ്യൂട്ടർ സൗകര്യം, മെസ് തുടങ്ങിയവയും കെട്ടിടത്തിൽ സജ്ജീകരിക്കും.

തിരുവനന്തപുരത്തെ ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂഷനിൽ 43 കുട്ടികൾ (ആൺ 20,പെൺ 23), ആറ് വയസിന് മുകളിൽ പ്രായമുള്ള പെൺകുട്ടികൾക്കായി സ്ഥാപിച്ചിട്ടുള്ള ബാലികാമന്ദിരത്തിൽ 37 പെൺകുട്ടികൾ, ദത്തെടുക്കൽ കേന്ദ്രത്തിൽ 72കുട്ടികൾ (38 ആൺ,34 പെൺ) ഉൾപ്പെടെ 152 കുട്ടികളാണ് തൈക്കാട്, ഇടപ്പഴിഞ്ഞി എന്നിവിടങ്ങളിലെ മൂന്ന് കേന്ദ്രങ്ങളിലായി നിലവിലുള്ളത്. ഇതിൽ 58 ആൺകുട്ടികളും 94 പെൺകുട്ടികളുമാണ്.

മികച്ച ജീവിതനിലവാരം ഉറപ്പാക്കും

ശിശുക്ഷേമ സമിതിയുടെ പരിചരണ കേന്ദ്രത്തിലെത്തുന്ന ആൺകുട്ടികളെ ആറ് വയസ് മുതൽ 18 വയസുവരെ കേന്ദ്രത്തിൽ പാർപ്പിക്കും. മികച്ച ജീവിത സാഹചര്യത്തോടൊപ്പം ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കി നൽകുകയാണ് ലക്ഷ്യം. പുതിയ കേന്ദ്രത്തിൽ കുട്ടികൾക്ക് പ്രായപൂർത്തിയാകുന്നതുവരെ എല്ലാ സ്വാതന്ത്ര്യത്തോടെയും സമിതിയിലെ അമ്മമാരുടെ കരുതലിൽ വളരാനാകും. കൂടാതെ കുട്ടികൾക്ക് താമസം, ഭക്ഷണം, വിദ്യാഭ്യാസം, ജീവിത നൈപുണ്യ പരിശീലനം എന്നിവയും ശിശുക്ഷേമ സമിതി ഒരുക്കിനൽകും.

ചിൽഡ്രൻസ് കമ്മിറ്റി

കുട്ടികൾക്ക് മികച്ച ജീവിതനിലവാരം ഉറപ്പാക്കുന്നതിനായി കുട്ടികളുടെ ചിൽഡ്രൻസ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കുട്ടികൾക്കായി വ്യക്തിശുചിത്വം, കൗമാരക്കാർക്ക് ബോധവത്കരണം എന്നിവ നടത്തുന്നു.കുട്ടികൾക്ക് മികച്ച ഭക്ഷണവും സാമൂഹികാന്തരീക്ഷവും ശിശുക്ഷേമസമിതി ഉറപ്പുനൽകുന്നു. സ്ഥാപനത്തിന്റെ മെച്ചപ്പെട്ട നടത്തിപ്പിനായി മാസം തോറും സ്റ്റാഫ് മീറ്റിംഗുകളും കുട്ടികളുടെ ചിൽഡ്രൻസ് കമ്മിറ്റിയും ചേരുന്നുണ്ട്.

അഡ്വ.ജി.എൽ.അരുൺ ഗോപി

ജനറൽ സെക്രട്ടറി

ശിശുക്ഷേമ സമിതി

ശിശുക്ഷേമ സമിതി തണലൊരുക്കിയ കുട്ടികൾ

സ്ഥാപനത്തിന്റെ പേര്, ആൺകുട്ടികൾ, പെൺകുട്ടികൾ, ആകെ

ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂഷൻ 20, 23,​ 43

ബാലികാമന്ദിരം (6 വയസിന് മുകളിൽ) 0, 37, 37

ദത്തെടുക്കൽ കേന്ദ്രം 38, 34, 72