ഡോ. ഷഹീൻ സയീദ് 'മാഡം സർജൻ'

Tuesday 18 November 2025 12:48 AM IST

ന്യൂഡൽഹി: ഫരീദാബാദിൽ 2,900 കിലോയിൽപ്പരം സ്‌ഫോടകവസ്‌തു ശേഖരവും,ആയുധങ്ങളും പിടികൂടിയ കേസിലെ പ്രതിയായ വനിതാ ഡോക്‌ടർ ഷഹീൻ സയീദിനെ 'മാഡം സർജൻ' എന്നാണ് കൂട്ടാളികൾ വിളിച്ചിരുന്നത്. ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ റിക്രൂട്ട്മെന്റ് വിഭാഗമായ ജമാഅത്തുൽ മൊമിനാതിന്റെ ഇന്ത്യയിലെ മേധാവിയാണ്. ഡൽഹിയിൽ അടക്കം നഗരങ്ങളിൽ സ്‌ഫോടനങ്ങൾ നടത്താനുള്ള പദ്ധതിയുടെ മുഖ്യ ആസൂത്രകരിൽ ഒരാൾ ലക്‌നൗ സ്വദേശിയായ ഷഹീനാണെന്നാണ് ഏജൻസികളുടെ നിഗമനം. ഷഹീന്റെ മൊബൈൽ ഫോണിലെ വാട്സാപ്പ് സന്ദേശങ്ങൾ വീണ്ടെടുത്തപ്പോൾ സ്‌ഫോടകവസ്‌തുക്കൾക്ക് 'മെഡിസിൻ' എന്ന കോഡാണ് ഉപയോഗിച്ചിരുന്നത് കണ്ടെത്തി. 'മാഡം എക്‌സ്','മാഡം ഇസഡ് ' എന്നിങ്ങനെ രണ്ട് കോണ്ടാക്റ്റ് നമ്പറുകൾ ഷഹീന്റെ മൊബൈൽ ഫോണിൽ സേവ് ചെയ്‌തിരുന്നു. തുടർച്ചയായി ഈ രണ്ടു നമ്പരുകളിൽ നിന്ന് ഫോൺകോളുകളും സന്ദേശങ്ങളും വന്നിരുന്നതായി കണ്ടെത്തി. മരുന്നുകളുടെ കുറവുണ്ടാകരുതെന്ന് 'മാഡം എക്‌സ്' സന്ദേശമയച്ചപ്പോൾ,ഓപ്പറേഷൻ ഹംദർദിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് 'മാഡം ഇസഡ് 'പറയുന്നു. രണ്ടു നമ്പറുകളും ആരുടതാണെന്ന് കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി.

അൽ ഫലാ യൂണിവേഴ്സിറ്റി

ചെയർമാന് സമൻസ്

ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്സിറ്റി ചെയർമാൻ ജാവദ് അഹമ്മദ് സിദ്ദിഖിക്ക് ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം സമൻസ് അയച്ചു. യൂണിവേഴ്സിറ്റിയുടെ അംഗീകാരവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളിലാണിത്. ഇയാളുടെ സഹോദരൻ ഹമൂദ് അഹമ്മദ് സിദ്ദിഖി തട്ടിപ്പുക്കേസിൽ ഹൈദരാബാദിൽ പിടിയിലായി. ഫരീദാബാദ് പൊലീസ് കാശ്‌മീർ സ്വദേശികളായ വിദ്യാർത്ഥികളെ അടക്കം 2000ൽപ്പരം പേരെ ഇതിനോടകം ചോദ്യംചെയ്‌തു.