ഡിജിറ്റൽ അറസ്റ്റ്; ബംഗളൂരു സ്വദേശിനിയ്ക്ക് 32 കോടി നഷ്ടമായി

Tuesday 18 November 2025 12:53 AM IST

ബംഗളൂരു: ബംഗളൂരുവിൽ ഡിജിറ്റൽ അറസ്റ്റിലൂടെ 57കാരിക്ക് 32 കോടി നഷ്ടമായി. സോഫ്റ്റ്​വെയർ എൻജിനിയറായി ജോലി ചെയ്യുന്ന സ്ത്രീക്കാണ് 187 തവണ നടന്ന ഇടപാടുകളിലൂടെ 31.83 കോടി അക്കൗണ്ടിൽ നിന്ന് നഷ്ടമായത്. നവംബർ 14ന് നൽകിയ പരാതിയിൽ ആദ്യമായി ഇവർ തട്ടിപ്പിനിരയായത് 2024 സെപ്തംബർ 15നാണ്. ഡി.എച്ച്.എൽ കുറിയറിന്റെ എക്സിക്യൂട്ടീവെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ ഇവരെ സമീപിച്ചത്. നിങ്ങളുടെ പേരിൽ മുംബയിലെ ഓഫീസിൽ ഒരു പാഴ്സൽ വന്നിട്ടുണ്ടെന്നും അതിൽ നാലു പാസ്​പോർട്ടും എം.ഡി.എം.എയും മൂന്ന് ക്രെഡിറ്റ് കാർഡുമുണ്ടെന്ന് ഇവരെ ഫോണിൽ വിളിച്ച് അറിയിച്ചു. താൻ മുംബയിലേക്ക് യാത്ര ചെയ്തിട്ടില്ലെന്നും ബംഗളൂരുവിലാണ് താമസമെന്നും സ്ത്രീ അറിയിച്ചെങ്കിലും അവരുടെ മൊബൈൽ നമ്പറാണ് പാഴ്സലിനൊപ്പം നൽകിയതെന്നും കൊറിയർ ഏജ​ന്റ് പറഞ്ഞു. അവർ കോൾ കട്ടു ചെയ്യുന്നതിന് മുമ്പു ഫോൺ സി.ബി.ഐ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി മറ്റൊരാൾക്ക് കൈമാറി. പരാതിക്കെതിരെ തെളിവുകളുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും അയാൾ ഭീഷണിപ്പെടുത്തി. നിരപരാധിത്വം തെളിയിക്കാൻ സ്ത്രീയെ നിർബന്ധിക്കുകയും ചെയ്തു. എവിടെ പോകുന്നു എന്തു ചെയ്യുന്നു എന്നെല്ലാം അറിയിക്കാനും അവർ നിർദ്ദേശിച്ചു. മകന്റെ വിവാഹസമയമായതിനാൽ തട്ടിപ്പുകാർ പറഞ്ഞതെല്ലാം അനുസരിച്ചു. ജാമ്യത്തിനാണെന്ന പേരിൽ അവർ ആദ്യം രണ്ടുകോടി രൂപ ഇവരിൽ നിന്ന് തട്ടിയെടുത്തു. പിന്നീട് പല പേരിലുമായി പണം കൈക്കലാക്കി. അതിനുശേഷം അവരുടെ സാമ്പത്തിക ഇടപാടുകളുടെയും ബാങ്ക് അക്കൗണ്ടിന്റെയും വിവരങ്ങൾ ആവശ്യപ്പെട്ടു. അക്കൗണ്ടിലെ പണം മുഴുവൻ കൈമാറണമെന്നും നിരപരാധിയാണെന്ന് തെളിഞ്ഞാൽ എല്ലാം തിരികെ നൽകുമെന്നും പറഞ്ഞു. അതോടെ ബാങ്കിലെ സ്ഥിരനിക്ഷേപം ഉൾപ്പെടെ പിൻവലിച്ച് അവർ പണം കൈമാറി. അതിനു ശേഷം ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്ന പേരിൽ ഒരു കടലാസും കൊടുത്തു. പിന്നീട് പണം തിരികെ നൽകാമെന്ന് പറഞ്ഞ തീയതികൾ തട്ടിപ്പുകാർ മാറ്റിപ്പറയാൻ തുടങ്ങി. മാനസികമായും ശാരീരികമായും തളർന്ന പരാതിക്കാരി ഒരുമാസത്തോളം ചികിത്സയിലായിരുന്നു. തട്ടിപ്പുകാരെ പിന്നീട് ബന്ധപ്പെടാനായില്ല. ജൂണിൽ മകന്റെ വിവാഹം കഴിഞ്ഞ ശേഷം അവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ബംഗളൂരു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.