വാക്പോര്: ബംഗാൾ രാജ്ഭവനിൽ പരിശോധന

Tuesday 18 November 2025 12:05 AM IST

കൊൽക്കത്ത: എസ്.ഐ.ആറിനെ ചൊല്ലിയുള്ള വാക്പോരിൽ നാടകീയ നീക്കവുമായി പശ്ചിമബം​ഗാൾ ​ഗവർണർ സി.വി ആനന്ദബോസ്. രാജ്ഭവനിൽ അക്രമികളെ പാർപ്പിച്ചെന്ന തൃണമൂൽ കോൺ​ഗ്രസ് എം.പി കല്യാൺ ബാനർജിയുടെ ആരോപണത്തിന് പിന്നാലെ ​ഗവർണറുടെ നേതൃത്ത്വത്തിൽ രാജ്ഭവൻ മുഴുവൻ വിവിധ സേനകളെ കൊണ്ട് പരിശോധിപ്പിച്ചു. എം.പി മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ​ഗവർണർ മുന്നറിയിപ്പ് നൽകി. നിർണായക നിയമസഭാ തിരഞ്ഞെടുപ്പടുക്കവേ എസ്.ഐ.ആറിനെ ചൊല്ലി ടി.എം.സി ഗവർണർ പോര് രൂക്ഷമാകുകയാണ്. എസ്.ഐ.ആർ നടപടികളോട് സഹകരിക്കണമെന്ന് പറഞ്ഞ ​ഗവർണറെ വിമർശിച്ചുകൊണ്ടാണ് കല്യാൺ ബാനർജി ആരോപണം ഉന്നയിച്ചത്. തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകരെ കൊല്ലാൻ അക്രമികളെ ആയുധങ്ങളുമായി രാജ്ഭവനിൽ പാർപ്പിക്കുന്നുവെന്നായിരുന്നു ആരോപണം. പിന്നാലെയാണ് ​ഗവർണർ ആരോപണം തെറ്റാണെന്ന് തെളിയിക്കാൻ രാജ്ഭവൻ മുഴുവൻ അരിച്ചുപെറുക്കാൻ ഉത്തരവിട്ടത്. പൊലീസ്, സി.ആർ.പി.എഫ്, ബോംബ് സ്ക്വാഡ്, ഡോ​ഗ് സ്ക്വാഡ് തുടങ്ങിയവയെല്ലാം തെരച്ചിലിനെത്തി. ഒന്നും കണ്ടെത്തിയില്ലെന്നും, തെറ്റായ ആരോപണം ഉന്നയിച്ച എം.പി 24 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ​ഗവർണർ പറഞ്ഞു.