ജോലി സമ്മർദ്ദം രാജസ്ഥാനിലും ബി.എൽ.ഒ ആത്മഹത്യ ചെയ്തു, കൊൽക്കത്തയിൽ യോഗത്തിനിടെ ഒരാൾ കുഴഞ്ഞുവീണു
ന്യൂഡൽഹി: കണ്ണൂരിലെ അനീഷ് ജോർജ്ജിന്റെ ആത്മഹത്യയ്ക്കു പിന്നാലെ രാജസ്ഥാനിലും ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ) ആത്മഹത്യ ചെയ്തു. സർക്കാർ സ്‌കൂൾ അദ്ധ്യാപകനായ മുകേഷ് ജംഗിദ് (45) ആണ് ജോലി സമ്മർദ്ദം താങ്ങാനാകാതെ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ സൂപ്പർവൈസറുമായുള്ള യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ബി.എൽ.ഒ കുഴഞ്ഞുവീണു. ബേലഗട്ടയിലെ സ്‌കൂൾ അദ്ധ്യാപകനായ അനിമേഷ് നന്ദിയാണ് കുഴഞ്ഞുവീണത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജയ്പൂർ-ഫുലെറ പാതയിൽ ബിൻഡായക ക്രോസിംഗിന് സമീപം വച്ചാണ് മുകേഷ് ട്രെയിനിന് മുന്നിൽ ചാടിയത്. ജോലി,മാനസിക സമ്മർദ്ദവും സസ്‌പെൻഡ് ചെയ്യുമെന്ന സൂപ്പർവൈസറുടെ ഭീഷണിയും പരാമർശിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു. ആത്മഹത്യാക്കുറിപ്പിലെ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ജോലി സമ്മർദ്ദത്തെക്കുറിച്ച് മുകേഷ് പറഞ്ഞിട്ടുണ്ടെന്ന് സഹോദരൻ ഗജാനന്ദ് പറഞ്ഞു. ഇതിനിടെ ജോലി സമ്മർദ്ദം ആരോപിച്ച് രാജസ്ഥാനിലും ബംഗാളിലും നിരവധി ബി.എൽ.ഒമാർ രംഗത്തെത്തി. സംസ്ഥാന,ജില്ലാ,സബ് ഡിവിഷൻ തലങ്ങളിൽ എസ്.ഐ.ആർ റാങ്കിംഗിൽ ഒന്നാമതെത്താനുള്ള മത്സരത്താൽ ബി.എൽ.ഒമാർ കടുത്തസമ്മർദ്ദം നേരിടുന്നതായി രാജസ്ഥാൻ പ്രൈമറി,സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ് പ്രസിഡന്റ് വിപിൻ പ്രകാശ് ശർമ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷൻ ബലപ്രയോഗത്തിലൂടെ എസ്.ഐ.ആർ നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും നിരവധി ബി.എൽ.ഒമാർ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും തൃണമൂൽ കോൺഗ്രസ് എം.പി സൗഗത റോയ് ആരോപിച്ചു.