കേവല ദാരിദ്ര്യ നിർമ്മാർജ്ജനം, തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ സഹായം: എൽ.ഡി.എഫ് പ്രകടന പത്രിക
തിരുവനന്തപുരം: സംസ്ഥാനത്ത് മൈക്രോ പ്ലാനുകളിലൂടെ കേവല ദാരിദ്ര്യ നിർമ്മാജ്ജനം നടപ്പാക്കുമെന്നും തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ ധനസഹായം ലഭ്യമാക്കുമെന്നും എൽ.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പ്രഖ്യാപനം. ഉദാരമായ ക്ലേശഘടകങ്ങളുടെ മാനദണ്ഡങ്ങൾ സ്വീകരിച്ച് ദരിദ്രരെ കണ്ടെത്തിയാവും കേവല ദാരിദ്ര്യ നിർമ്മാർജ്ജനം നടപ്പാക്കുക. കൃത്യമായ പദ്ധതികളിലൂടെ അതി ദാരിദ്ര്യ കുടുംബങ്ങളെ കരകയറ്റി. അവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് വഴുതിവീഴാതിരിക്കാൻ തുടർന്നും സഹായം ഉറപ്പാക്കുമെന്നും പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു.
കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനം കൈക്കൊള്ളുന്നതിനോടൊപ്പം ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും പോലുള്ള സംഘടനകളുമായി ബാന്ധവത്തിലാണ്. വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതിന് ബി.ജെ.പി കിണഞ്ഞു പരിശ്രമിക്കുന്നു. എതിർക്കാൻ പ്രാപ്തിയില്ലെന്ന് കോൺഗ്രസ് തെളിയിച്ചുകഴിഞ്ഞെന്നും പ്രകടന പത്രികയിൽ പറയുന്നു.
മറ്റു പ്രധാന പ്രഖ്യാപനങ്ങൾ
1. അഞ്ചു വർഷത്തിനുള്ളിൽ പട്ടിക വിഭാഗങ്ങൾക്കിടയിലെ കേവല ദാരിദ്ര്യം പൂർണ്ണമായി ഇല്ലാതാക്കും 2. ലൈഫ് മിഷൻ പട്ടികയിൽ ഉൾപ്പെടാത്ത അർഹതപ്പെട്ടവർക്കെല്ലാം അഞ്ചുവർഷത്തിനുള്ളിൽ വീട് 3.സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെല്ലാം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും 4. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ തെരുവു നായ സംരക്ഷണ കേന്ദ്രങ്ങൾ ആരംഭിക്കും 5. കുടുംബശ്രീയുമായി സഹകരിച്ച് 20 ലക്ഷം സ്ത്രീകൾക്ക് അഞ്ചുവർഷം കൊണ്ട് തൊഴിൽ നൽകും 6.റോഡ് പുറമ്പോക്കിൽ താമസിക്കുന്നവർക്ക് പട്ടയം നൽകി പുനരധിവസിപ്പിക്കും 7.തീരദേശത്തുള്ളവർക്ക് ഹൃദയാഘാതമടക്കം ഉണ്ടാകുന്ന മരണങ്ങൾ ഇൻഷ്വറൻസ് പരിധിയിൽ ഉൾപ്പെടുത്തും 8. അറ്റകുറ്റപ്പണി ആവശ്യമായ മുഴുവൻ റോഡുകളും ഒറ്റത്തവണ പുനർ നിർമ്മാണ പദ്ധതിയിലൂടെ നന്നാക്കും 9. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു കളിക്കളം ഉറപ്പു വരുത്തും 10. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മിനി വ്യവസായ പാർക്കുകൾ സ്ഥാപിക്കും 11. കുടുംബശ്രീ ഉത്പന്നങ്ങൾ വിൽക്കുന്നതിനായി ഷോപ്പ് അറ്റ് ഡോർ പദ്ധതി 12.പട്ടിക വിഭാഗങ്ങളുടെ വികസനഫണ്ട് ലാപ്സാകുന്നത് ഒഴിവാക്കും