ഇന്ദിരാഗാന്ധി അഭിനന്ദിച്ചു, 'പ്രസിഡന്റമ്മ' സൂപ്പർ സ്റ്റാർ!
കൊല്ലം: 'ഹാർട്ടി കൺഗ്രാജുലേഷൻസ്.." 1962ൽ ഒരു യുവ വനിതയ്ക്ക് ലഭിച്ച ഈ അഭിനന്ദനക്കത്ത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ രേഖയാണ്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് ലഭിച്ചത് കേരളത്തിലെ ആദ്യ വനിതാ പഞ്ചായത്ത് പ്രസിഡന്റായ സുമതി സുകുമാരനായിരുന്നു. (അന്നമ്മജേക്കബ് കവളങ്ങാട് പഞ്ചായത്തിന്റെ പ്രസിഡന്റായി വരുന്നത് സുമതിക്കു ശേഷമാണ്.ഇന്നലെ ഈ വിവരം തെറ്റായി രേഖപ്പെടുത്തിയിരുന്നു).
കടയ്ക്കൽ ചിതറ പഞ്ചായത്തിലാണ് സുമതി പ്രസിഡന്റായത്. ഇന്ത്യൻ ജനാധിപത്യത്തിൽ സ്ത്രീ ശക്തിയുടെ കടന്നുവരവിനുള്ള നാന്ദിയായിരുന്നു അത്. ഭരണകാര്യങ്ങളിൽ വീട്ടമ്മയുടെ കരുതലും വാത്സല്യവും കാണിച്ചതോടെയാണ് ഭരണ, പ്രതിപക്ഷഭേദമില്ലാതെ ഏവരും 'പ്രസിഡന്റമ്മ' എന്ന് വിളിച്ചത്.
വെളിയം കൽച്ചിറയിൽ ഗോവിന്ദൻ- നാരായണി ദമ്പതികളുടെ മകളായ സുമതി ചെറുപ്പം മുതലേ പുരോഗമന ചിന്താഗതിക്കാരിയായിരുന്നു. സ്വാതന്ത്ര്യ സമരങ്ങളിൽ പങ്കെടുത്തു. അമ്മാവന്റെ മകൻ സുകുമാരനുമായുള്ള വിവാഹത്തിനുശേഷവും സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ സജീവമായി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായ സുകുമാരൻ രാത്രിയിലെ സ്വാതന്ത്ര്യ സമര ജാഥയിൽ പങ്കെടുത്തതിന്റെ പേരിൽ സർ സി.പിയുടെ കണ്ണിലെ കരടായി. ചിതറയിലേക്ക് സ്ഥലംമാറ്റപ്പെട്ടു.
ചിതറ മടത്തറയിൽ സ്ഥിരതാമസമാക്കിയ സുകുമാരനും സുമതിയും കോൺഗ്രസിനെ ശക്തിപ്പെടുത്തി. ആ സമയത്താണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സുമതി മത്സരിച്ച് ജയിച്ചത്. 9 വാർഡുകളുള്ള പഞ്ചായത്തിൽ കോൺഗ്രസിന് 4 സീറ്റ്. സി.പി.ഐയ്ക്ക് മൂന്ന്, മുസ്ളീം ലീഗിന് രണ്ട്. കെ.പി.സി.സി മെമ്പറായ സുമതിയെ പ്രസിഡന്റാക്കാൻ ഐകകണ്ഠ്യേന തീരുമാനമായി. ഒരു വനിത പ്രസിഡന്റായപ്പോഴാണ് ഇന്ദിരാഗാന്ധി അഭിനന്ദനക്കത്ത് അയച്ചത്.
തുടർച്ചയായി പതിനാറര വർഷം പ്രസിഡന്റായിരുന്നു. സി ഗ്രേഡ് പഞ്ചായത്തിനെ എ ഗ്രേഡാക്കി മാറ്റിയാണ് സുമതി അധികാരത്തിൽ നിന്ന് പടിയിറങ്ങിയത്. ചിതറ പഞ്ചായത്ത് സംസ്ഥാനത്ത് ആദ്യമായി ലക്ഷംവീട് പദ്ധതി പൂർത്തിയാക്കിയതും മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പൂർത്തിയാക്കിയതും ഇക്കാലത്താണ്. 1991ൽ 73ാം വയസിലാണ് സുമതി അന്തരിച്ചത്.
തദ്ദേശ സ്ഥാപനങ്ങളിൽ ഇപ്പോൾ അൻപത് ശതമാനം വനിത സംവരണമുള്ളപ്പോൾ, പതിറ്റാണ്ടുകൾക്ക് മുമ്പ് പഞ്ചായത്ത് പ്രസിഡന്റാകാൻ കഴിഞ്ഞ അമ്മയുടെ ഓർമ്മകൾ ഇന്നും അഭിമാനമാണ്.
കെ.എസ്.വിജയൻ,
മകൻ (കെ.എസ്.ആർ.ടി.സി മുൻ എം.ഡി, എസ്.എൻ.ഡി.പി യോഗം മുൻ ബോർഡ് മെമ്പർ)