വിഴിഞ്ഞത്തെ ബാങ്കിൽ വ്യാജ ബോംബ് ഭീഷണി
വിഴിഞ്ഞം: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മുക്കോല ബ്രാഞ്ചിൽ ബോംബ് ഭീഷണി. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തിയതോടെ ഭീഷണി വ്യാജമാണെന്ന് ബോദ്ധ്യമായി. ഇന്നലെ രാവിലെ 7ഓടെയാണ് ബാങ്കിന്റെ ഇ മെയിലിൽ ഭീഷണി സന്ദേശമെത്തിയത്.
പ്രവർത്തനം ആരംഭിച്ച് 10.30ഓടെയാണ് മാനേജർ സന്ദേശം കാണുന്നത്. ഇതോടെ ജീവനക്കാർ പരിഭ്രാന്തരായി പുറത്തിറങ്ങി.
വിവരമറിഞ്ഞ് വിഴിഞ്ഞം എസ്.എച്ച്.ഒ സുനിൽ ഗോപിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി സുരക്ഷയൊരുക്കി. renjanbabu @underworld.dog എന്ന മെയിൽ വിലാസത്തിൽ നിന്നുമാണ് ഭീഷണി. 10.30ന് ബോംബ് പൊട്ടുമെന്നും ജീവനക്കാർ ഉൾപ്പെടെയുള്ളവർ മാറണമെന്നുമായിരുന്നു ഉള്ളടക്കം. ബോംബ് പൊട്ടുമെന്നുപറഞ്ഞ സമയത്തിന് ശേഷമാണ് അധികൃതർ സന്ദേശം കാണുന്നത്. എൽ.ടി.ടി പരാമർശമടക്കം തമിഴ്നാട് രാഷ്ട്രീയവും പരാമർശിച്ചിട്ടുണ്ട്.
പരസ്‌പരബന്ധമില്ലാത്ത കാര്യങ്ങളാണ് സന്ദേശത്തിലുള്ളതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. ബാങ്കിന് മുകളിലത്തെ നിലയിൽ വിഴിഞ്ഞത്തെ തുറമുഖ കമ്പനിയിലേക്ക് ചരക്കുനീക്കം നടത്തുന്ന ഷിപ്പിംഗ് കമ്പനിയുടെ ഓഫീസും പ്രവർത്തിക്കുന്നുണ്ട്. ബോംബ് സ്‌ക്വാഡ് ഇവിടെയും പരിശോധന നടത്തി.
ഫോട്ടോ: ഭീഷണി സന്ദേശമെത്തിയതിനെ തുടർന്ന് ബോംബ്,ഡോഗ്
സ്‌ക്വാഡുകളും പൊലീസും പരിശോധന നടത്തുന്നു