പുതുചരിത്രമെഴുതാൻ അരുണിമയും അമയയും

Tuesday 18 November 2025 1:58 AM IST

ആലപ്പുഴ: ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന് മത്സരിക്കുന്ന കഞ്ഞിക്കുഴി എസ്.എൽ പുരം മേക്കരവെളിയിൽ അരുണിമയും (26), തിരുവനന്തപുരം സ്വദേശി അമയ പ്രസാദും ശ്രദ്ധേയരാകുന്നു. കോൺഗ്രസ് സ്ഥാനാർത്ഥികളാണ് ഇരുവരും. നിയമ വിദ്യാർത്ഥിനിയും ട്രാൻസ്ജെൻഡർ കോൺഗ്രസ് പ്രഥമ സംസ്ഥാന പ്രസിഡന്റും സംസ്ഥാന രക്ഷാധികാരിയും നിലവിൽ കെ.എസ്‌.യു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അരുണിമ ആലപ്പുഴ വയലാർ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേയ്ക്കാണ് മത്സരിക്കുന്നത്.

തിരുവനന്തപുരം പോത്തൻകോട് ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന അമയ പ്രസാദ് ട്രാൻസ്ഡെൻഡർ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാണ്. കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനത്തിലാണ് ഇരുവർക്കും അവസരം ലഭിച്ചത്. പാർട്ടി ഔദ്യോഗിക ചിഹ്നത്തിലാണ് ഇരുവരും ജനവിധി തേടുന്നത്. കേരളത്തിൽ ആദ്യമായാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായി ട്രാൻസ്ജെൻഡർ വിഭാഗത്തിന് അവസരം ലഭിച്ചത്.