കോഴിക്കോട്ടെ സ്ഥാനാർത്ഥി വി.എം. വിനുവിനും വോട്ടില്ല
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വി.എം. വിനുവിനും ഭാര്യ പത്മജ വിനുവിനും വോട്ടില്ല. അന്തിമ വോട്ടർപട്ടിക പരിശോധിച്ചപ്പോഴാണ് വിവരമറിഞ്ഞത്. കല്ലായി ഡിവിഷനിലെ സ്ഥാനാർത്ഥിയായി വിനു പ്രചാരണം തുടങ്ങിയിരുന്നു. മത്സരിക്കുന്ന തദ്ദേശസ്ഥാപനത്തിൽ വോട്ടുണ്ടാകണമെന്നാണ് വ്യവസ്ഥ. അതിനാൽ നിലവിലെ സാഹചര്യത്തിൽ മത്സരിക്കാനാവില്ല.
അതേസമയം, സി.പി.എമ്മും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു. ഇന്ന് ഹെെക്കോടതിയിൽ ഹർജി നൽകും. വിനു പ്രചാരണം നിറുത്തില്ലെന്നും നേതാക്കൾ അറിയിച്ചു.
45 വർഷമായി വോട്ട് ചെയ്യുന്നുണ്ടെന്ന് വിനു പറഞ്ഞു. എല്ലാ തിരഞ്ഞെടുപ്പിലും വോട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതില്ല. തനിക്ക് വോട്ടവകാശം നിഷേധിക്കാൻ ആർക്കാണ് അവകാശമെന്നും ചോദിച്ചു. കല്ലായിയിൽ നല്ല വിജയ പ്രതീക്ഷയുണ്ടായിരുന്നുവെന്നും പറഞ്ഞു.