അനീഷിന് ഭീഷണി; ഓഡിയോ പുറത്തുവിട്ട് കോൺഗ്രസ്
കണ്ണൂർ: ജീവനൊടുക്കിയ ബി.എൽ.ഒ അനീഷ് ജോർജിനെ സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് സൂചിപ്പിക്കുന്ന ഓഡിയോ സന്ദേശം പുറത്തുവിട്ട് കോൺഗ്രസ്. യു.ഡി.എഫ്. ബൂത്ത് ലെവൽ ഏജന്റിനെ എസ്.ഐ.ആർ ഫോം വിതരണത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ഭീഷണിപ്പെടുത്തിയതായി അനീഷ് തന്നെ വെളിപ്പെടുത്തുന്ന ശബ്ദരേഖയാണ് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് പുറത്തുവിട്ടത്. സി.പി.എം നിയമിച്ച റഫീഖിന് പകരം മുൻ ബ്രാഞ്ച് സെക്രട്ടറി ചന്ദ്രനാണ് അനീഷിനൊപ്പം വീടുകളിലേക്ക് ഫോം നൽകാൻ പോയതെന്ന് മാർട്ടിൻ ജോർജ് ആരോപിച്ചു. മറ്റൊരു ദിവസം ഡി.വൈ.എഫ്.ഐ നേതാവ് പ്രമോദാണ് അനീഷിനോടൊപ്പം പോയതെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫ് ഏജന്റ് വൈശാഖിനോട് തന്നോടൊപ്പം ഫോം വിതരണത്തിന് വരരുതെന്ന് അനീഷ് ഫോണിൽ പറഞ്ഞതിന്റെ തെളിവും ഡി.സി.സി പ്രസിഡന്റ് പുറത്തുവിട്ടു. വൈശാഖ് വരുന്നതിൽ എതിർപ്പുണ്ടെന്നും കാര്യമെന്താണെന്ന് പിന്നെ പറയാമെന്നും അനീഷ് പറയുന്നത് ഓഡിയോയിൽ വ്യക്തമാണ്.