കോൾഡ് സ്ട്രൈക്കുമായി ഇന്ത്യൻ സൈന്യം

Tuesday 18 November 2025 1:31 AM IST

ന്യൂഡൽഹി: എല്ലാ ആയുധങ്ങളും സന്നിവേശിപ്പിച്ച രുദ്ര ബ്രിഗേഡിന്റെ സഹായത്തോടെ അതിർത്തിയിൽ പെട്ടെന്ന് ആക്രമണം നടത്തുന്ന 'കോൾഡ് സ്ട്രൈക്ക്" യുദ്ധതന്ത്രത്തിലേക്ക് മാറാനൊരുങ്ങി ഇന്ത്യൻ സൈന്യം. അടുത്തിടെ നടന്ന ത്രിശൂൽ സൈനിക അഭ്യാസത്തിൽ 'രുദ്ര'ആയുധ ബ്രിഗേഡിന്റെ പരീക്ഷണം വിജയകരമായിരുന്നു. 2001ലെ പാർലമെന്റ് ആക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ അതിർത്തിയിൽ സേനാവിന്യാസം ലക്ഷ്യമിട്ട് രൂപീകരിച്ച 'കോൾഡ് സ്റ്റാർട്ട്' യുദ്ധതന്ത്രം (യുദ്ധം മുന്നിൽ കണ്ട് സാവധാനം സേനാ വിന്ന്യാസം നടത്തുന്ന രീതി) പുതിയ ഭീഷണികൾ മുന്നിൽ കണ്ട് പരിഷ്‌കരിക്കുകയാണ്. കര,വ്യോമ,സൈബർസ്പേസ് ആക്രമണങ്ങൾ അടക്കം ബഹുതല ഭീഷണികൾ നേരിടാൻ 'കോൾഡ് സ്റ്റാർട്ട്' സിദ്ധാന്തം പര്യാപ്‌തമല്ലെന്നാണ് വിലയിരുത്തൽ.

അതേസമയം,കോൾഡ് സ്ട്രൈക്ക് രീതിയിൽ സൈന്യത്തെ ചെറിയ ഗ്രൂപ്പുകളാക്കി വിന്യസിച്ച് അന്താരാഷ്‌ട്ര ഇടപെടൽ വരുന്നതിന് മുൻപ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കടന്നാക്രമണം നടത്താം.

പ്രതികരിക്കാൻ രുദ്ര

3,000ത്തിലധികം സൈനികരുള്ള 250ലധികം ആയുധ ബ്രിഗേഡുകളെ ചേർത്താണ് രുദ്ര 'സർവായുധ' ബ്രിഗേഡുകളാക്കിയത്. കാലാൾപ്പട,യന്ത്രവത്കൃത കാലാൾപ്പട,കവചിത (ടാങ്കുകൾ),പീരങ്കികൾ,വ്യോമ പ്രതിരോധം,എൻജിനിയർമാർ,സിഗ്നലുകൾ,ഡ്രോൺ യൂണിറ്റുകൾ,ലോജിസ്റ്റിക്സ് ഘടകങ്ങൾ എന്നിവയുടെ മിശ്രിത ബ്രിഗേഡുകളാണ് ഇവയിലുണ്ടാകുക. എല്ലാ തരത്തിലുമുള്ള ഭീഷണികൾ നേരിടാനുമുള്ള ആയുധങ്ങളടങ്ങിയ സ്വയംപര്യാപ്തമായ സംഘമായിരിക്കും ഈ ബ്രിഗേഡുകൾ. മികച്ച ഏകോപനത്തോടെ പ്രവർത്തിക്കാനും വേഗത്തിൽ വിന്യസിക്കാനും സാധിക്കും. ചൈനയുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ ലഡാക്കിലും സിക്കിമിലും രുദ്ര ബ്രിഗേഡുകൾ സ്ഥാപിച്ചു കഴിഞ്ഞു.