ഡ്യൂട്ടിക്കിടെ ബി.എൽ.ഒ കുഴഞ്ഞുവീണു
Tuesday 18 November 2025 2:31 AM IST
വെള്ളരിക്കുണ്ട്: എസ്.ഐ.ആറുമായി ബന്ധപ്പെട്ട ജോലിക്കിടെ ബി.എൽ.ഒ കുഴഞ്ഞുവീണു. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ ബൂത്ത് നമ്പർ 124 മാലോത്ത് ബൂത്ത് ലെവൽ ഓഫീസർ ബളാൽ പഞ്ചായത്തിലെ മൈക്കയം അങ്കണവാടി അദ്ധ്യാപിക എൻ.ശ്രീജ (45) ആണ് കുഴഞ്ഞുവീണത്. തിങ്കളാഴ്ച രാവിലെ വീടുകൾ കയറി ജോലി ചെയ്യുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ തന്നെ ഇവരെ കൊന്നക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളരിക്കുണ്ട് തഹസിൽദാർ മുരളീധരൻ ഉൾപ്പടെ റവന്യു ഉദ്യാഗസ്ഥർ ആശുപത്രിയിലെത്തി ശ്രീജയെ സന്ദർശിച്ചു. ശ്രീജയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിയിലെ ഡോക്ടർ പി.വിലാസിനി അറിയിച്ചു. കടുത്ത സമ്മർദ്ദത്തെ തുടർന്ന് പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബി.എൽ.ഒ ജീവനൊടുക്കിയതിന് പിന്നാലെ സംസ്ഥാനത്തുടനീളം വൻ പ്രതിഷേധം നടക്കുന്നതിനിടെയാണ് വനിതാ ബി.എൽ.ഒ കുഴഞ്ഞു വീണത്.