ബി.എൽ.ഒയുടെ ആത്മഹത്യ: സി.ഇ.ഒ ഓഫീസിലേക്ക് മാർച്ച്
തിരുവനന്തപുരം: എസ്.ഐ.ആർ പ്രവർത്തനങ്ങളിലെ അമിത ജോലി സമ്മർദ്ദത്തെ തുടർന്ന് ബി.എൽ.ഒ അനീഷ് ജോർജ് ആത്മഹത്യചെയ്ത സംഭവത്തിൽ ആക്ഷൻ കൗൺസിൽ ഒഫ് സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും നേതൃത്വത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. അദ്ധ്യാപകരും ജീവനക്കാരുമുൾപ്പെടെ ആയിരക്കണക്കിന് പേർ പങ്കെടുത്തു.
ഒരുക്കങ്ങളും ആസൂത്രണങ്ങളും ഇല്ലാതെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന നടത്തുന്നത്. എസ്.ഐ.ആർ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് തദ്ദേശ തിരഞ്ഞെടുപ്പ് ചുമതലകൂടി വന്നതോടെ വിഷയം കൂടുതൽ സങ്കീർണമായി. നടപടികൾ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിർത്തിവയ്ക്കണമെന്ന ആവശ്യത്തോട് മുഖംതിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ചെയ്തതെന്നും നേതാക്കൾ പറഞ്ഞു. ആക്ഷൻ കൗൺസിൽ നേതാവും എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന ട്രഷററുമായ എം.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ കൺവീനർ പി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.