'അനീഷിന് പകരം ഞാനായേനെ'... ജോലിസമ്മർദ്ദം വെളിപ്പെടുത്തി മുൻ ബി.എൽ.ഒ
കണ്ണൂർ: ഏറ്റുകുടുക്കയിൽ ബി.എൽ.ഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ ബി.എൽ.ഒമാർ നേരിടുന്ന അതിതീവ്ര ജോലിസമ്മർദ്ദത്തെ കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു. 'കെ.പി.എസ് വിദ്യാനഗർ" എന്ന അക്കൗണ്ടിലൂടെയാണ് ഒരദ്ധ്യാപകൻ മുമ്പ് ബി.എൽ.ഒ ആയി പ്രവർത്തിച്ചിരുന്നെന്ന് വ്യക്തമാക്കി തന്റെ ദീർഘകാല മാനസിക യാതനകളും സമ്മർദ്ദങ്ങളും തുറന്നു പറഞ്ഞത്. വോട്ടർമാരെ ബൂത്ത് തലത്തിൽ തിരിച്ചറിയേണ്ട നടപടി പ്രയാസകരമാണ്. പരിചയമില്ലാത്ത ഗ്രാമത്തിൽ, വർഷങ്ങളോളം പഴക്കമുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ ഉപയോഗിച്ച് ഇതെങ്ങനെ സാധിക്കും. ഒഴിവാക്കണമെന്ന് അപേക്ഷിച്ചപ്പോൾ പകരം മറ്റൊരാളെ കണ്ടെത്തി നൽകണമെന്ന നിബന്ധനയാണ് അധികാരികൾ മുന്നോട്ടുവച്ചതെന്നും, ഓരോ തിരഞ്ഞെടുപ്പിനും 'ഇത് കഴിഞ്ഞാൽ ഉടൻ മാറ്റാം" എന്ന വാഗ്ദാനം ആവർത്തിക്കുകയായിരുന്നെന്നും കുറിപ്പിൽ പറയുന്നു. നിരന്തര സമ്മർദ്ദം മൂലം അധികാരികളുടെ പരിഹാസവും ഭീഷണിയും സഹിക്കേണ്ടി വന്നുവെന്ന് കുറിപ്പിൽ പറയുന്നു. വേണ്ടത് ചെയ്തില്ലെന്ന് കാണിച്ച് കാരണം കാണിക്കൽ നോട്ടീസും ലഭിച്ചു. ഒടുവിൽ, എട്ടുവർഷത്തെ പോരാട്ടത്തിന് ശേഷം മാത്രമേ മറ്റൊരാൾ ബൂത്തിൽ നിയമിക്കപ്പെട്ടുള്ളൂ. 'ആ മാറ്റം ലഭിച്ചില്ലായിരുന്നെങ്കിൽ, ഇന്ന് അനീഷ് ജോർജിന് പകരം ഞാനായേനെ" എന്ന് അദ്ധ്യാപകൻ പറയുന്നു. ജീവൻ അവസാനിപ്പിച്ച ബി.എൽ.ഒ മൊത്തം ബി.എൽ.ഒമാരുടെ പ്രതിനിധിയാണ്, രക്തസാക്ഷിയാണ്. താങ്ങാൻ പറ്റുന്നതിലും കൂടുതലാണ് സമ്മർദ്ദമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.