കോഴക്കേസിൽ രജിസ്ട്രേഷൻ വകുപ്പ് ജീവനക്കാരുടെ കുറ്റം ശരിവച്ചു
കൊച്ചി: കൈക്കൂലി കേസിൽ രജിസ്ട്രേഷൻ വകുപ്പ് ജീവനക്കാരുടെ കുറ്റം ശരിവച്ച് ഹൈക്കോടതി. അതേസമയം വിചാരണക്കോടതി വിധിച്ച 3 വർഷത്തെ തടവുശിക്ഷ ഒരുവർഷമായി കുറച്ചു. ആലപ്പുഴ സബ് രജിസ്ട്രാറായിരുന്ന എം.കെ. മധുസൂദനൻ, ജോയിന്റ് സബ് രജിസ്ട്രാർ കെ.ഒ. ഫസലുദ്ദീൻ, പ്യൂൺ ഹരിദാസൻ നായർ എന്നിവർക്കെതിരേ വിജിലൻസ് ചുമത്തിയ അഴിമതിക്കുറ്റമാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ശരിവച്ചത്.
ആധാരം എഴുതുന്ന ബിന്ദു തങ്കപ്പൻ മുഖേന ജീവനക്കാർ 3000രൂപ കോഴ വാങ്ങിയെന്നാരോപിച്ച് ആലപ്പുഴ പൊള്ളേപ്പറമ്പിൽ ജോൺ വർഗീസാണ് പരാതി നൽകിയിരുന്നത്. വിജിലൻസ് പരിശോധനയിൽ ജീവനക്കാരിൽനിന്ന് പണം കണ്ടെത്തി. കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്ന് അഴിമതിയും കൃത്യവിലോപവും ഗൂഢാലോചനയും ചുമത്തി ജീവനക്കാരേയും കോഴ കൈമാറിയതിന് ബിന്ദു തങ്കപ്പനേയും വിചാരണക്കോടതി ശിക്ഷിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതി കുറ്റം ശരിവച്ചത്.
ഇത്തരം കേസുകളിലെ ഗൂഢാലോചനയും അഴിമതി നിരോധനനിയമപ്രകാരംതന്നെ വിചാരണ ചെയ്യപ്പെടേണ്ടതാണെന്ന് സിംഗിൾബെഞ്ച് നിരീക്ഷിച്ചു. ഇക്കാര്യം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചു. വിജിലൻസിനായി സ്‌പെഷ്യൽ ഗവ. പ്ലീഡർ എ. രാജേഷ്, സീനിയർ ഗവ.പ്ലീഡർ എസ്. രേഖ എന്നിവർ ഹാജരായി.