സ്ഥാനാർത്ഥി ജിജിക്ക് പിന്തുണ ഭർത്താവ് ജിജി
മണർകാട്: ഭാര്യയ്ക്കും ഭർത്താവിനും ഒരേ പേര്! ഭർത്താവ് മുൻ പഞ്ചായത്തംഗം. ഭാര്യ ഇപ്പോൾ സ്ഥാനാർത്ഥിയും. ജിജിയെന്ന ഒറ്റപ്പേര് കൊണ്ട് ഭാര്യയേയും ഭർത്താവിനെയും ഒരുമിച്ച് വിളിക്കാമെന്നതാണ് പ്രത്യേകത. മണർകാട് പഞ്ചായത്ത് അംഗമായിരുന്ന കോൺഗ്രസിലെ ജിജി മണർകാടിന്റെ ഭാര്യ ജിജിയാണ് ഇക്കുറി യു.ഡി.എഫ് സ്ഥാനാർത്ഥി.
കോരുത്തോട് സ്വദേശിനിയായ ജിജിമോളും പൊതുപ്രവർത്തകൻ ജിജി മണർകാടും വിവാഹിതരായിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. പേരിലെ ഒരുമ ജീവിതത്തിലും തുടരുമ്പോഴാണ് സ്ഥാനാർത്ഥിത്വം. ഭർത്താവിന്റെ പേര് കൂടി ചേർത്തതോടെ പേര് ജിജി ജിജി എന്നായി. ജിജിയെന്ന് വിളിച്ചാൽ രണ്ട് പേരും വിളികേൾക്കുന്ന സംഭവങ്ങളുമേറെ.
2015-20കാലത്താണ് ജിജിമോൾ ആദ്യമായി സ്ഥാനാർത്ഥിയാകുന്നത്. അന്ന് പാമ്പാട് ബ്ളോക്ക് പഞ്ചായത്തിൽ മാലം ഡിവിഷനിൽ നിന്ന് വിജയിച്ചു. 2020ന് ശേഷം കുടുംബശ്രീ എ.ഡി.എസിൽ സെക്രട്ടറിയായി പ്രവർത്തിക്കുമ്പോഴാണ് പാണ്ഡവർകളരി വാർഡിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. ജിജി മണർകാട് 2000ലും പിന്നീട് മൂന്ന് തവണയും വാർഡ് മെമ്പറായിരുന്നു. ജിജി ജിജി കോൺഗ്രസ് വാർഡ് വൈസ് പ്രസിഡന്റും ജിജി മണർകാട് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാണ്.