ശബരിമല തീർത്ഥാടനം സുഗമവും പരാതിരഹിതവുമാക്കി - മന്ത്രി വാസവൻ
സ്വർണപാളി വിവാദത്തിൽ അന്വേഷണം കുറ്റമറ്റരീതിയിൽ നടക്കുന്നു.
തെറ്റു ചെയ്തവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടും ആരെയും രക്ഷിക്കില്ല
കോട്ടയം: ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനകാലം സുഗമവും പരാതിരഹിതവുമാക്കാനുള്ള എല്ലാ നടപടികളും സംസ്ഥാന സർക്കാർ പൂർത്തിയാക്കിയതായി ദേവസ്വം വകുപ്പു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു . മൂന്നൊരുക്കങ്ങൾ അഞ്ചു മാസം മുമ്പ് ആരംഭിച്ചിരുന്നു. ശബരിമലയുലേക്കുള്ള എല്ലാ പാതകളും സഞ്ചാരയോഗ്യമാക്കി. പാർക്കിംഗ് മെച്ചപ്പെടുത്തി. ശുചീകരണത്തിന് പ്രത്യേക സേനയെ വിന്യസിച്ചു. പമ്പയിലെ ജർമൻ പന്തലിൽ 4,000 പേർക്ക് വിരിവയ്ക്കാം. 12,000 പേർക്ക് പമ്പാ സ്നാനം നടത്താം. പമ്പയിൽ 10 പുതിയ നടപ്പന്തലുകൾ ഒരുക്കി.നിലയ്ക്കലിൽ രണ്ടായിരം വാനങ്ങൾ അധികമായി പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കി.
കുറവുകളില്ലാത്ത ദർശനമൊരുക്കാൻ സന്നിധാനത്തേക്കുള്ള ദുരം സൂചിപ്പിക്കുന്ന വിവിധ ഭാഷകളിലുള്ള ദിശാസൂചക ബോർഡുകൾ, അടിയന്തര സേവനങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പരുകൾ ഉൾപ്പെടുത്തി യൂട്ടിലിറ്റി ബോർഡുകൾ സന്നിധാനത്തും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ചു.
സന്നിധാനം വരെ 56 ചുക്കുവെള്ള വിതരണ കേന്ദ്രങ്ങളും നിരവധി കുടിവെള്ള കിയോസ്കുകളും 58 ബയോ ടോയ്‌ലറ്റ് യൂണിറ്റുകളും സന്നിധാനത്ത് 1,005 ശൗചാലയങ്ങളും ശരംകുത്തി പാതയിലെ 164 ശൗചാലയങ്ങളും സജ്ജമാക്കി.
പമ്പയിൽ 300 ശുചിമുറികളിൽ 70 എണ്ണം സ്ത്രീകൾക്കുള്ളതാണ്.നിലയ്ക്കലിൽ 420 സ്ഥിരം ശൗചാലയങ്ങളും 500 കണ്ടെയ്‌നർ ശൗചാലയങ്ങളും ഒരുക്കി. തീർഥാടകർക്കായി സന്നിധാനത്ത് 546 മുറികൾ സജ്ജമാക്കി. തീർഥാടനത്തിന്റെ വിവിധ ഘട്ടങ്ങളിൽ രണ്ടായിരത്തോളം ബസുകൾ പ്രത്യേക സർവീസ് നടത്തും. പമ്പയിൽ ഭക്തർക്ക് ക്യൂ നിൽക്കാൻ 10 പുതിയ നടപ്പന്തലുകൾ ഒരുക്കി.
എല്ലാ തീർഥാടകർക്കും അപകട ഇൻഷുറൻസ്
ശബരിമലയാത്രക്കിടയിൽ മരണമടയുന്നവരുടെ ആശ്രിതർക്ക് അഞ്ച്‌ലക്ഷം ഇൻഷുറൻസ് തുകയ്ക്കുള്ള കവറേജ് സംസ്ഥാനവ്യാപകമാക്കി. ആംബുലൻസിൽ മൃതദേഹം എത്തിക്കുന്നതിനുള്ള ചെലവ് ദേവസ്വം ബോർഡ് വഹിക്കും. ഹൃദയാഘാതത്താൽ മരിക്കുന്നവരുടെ കുടുംബത്തിന് മൂന്നുലക്ഷം നൽകും.
സമ്പൂർണ ഡിജിറ്റലൈസേഷൻ
ഓൺലൈൻ ആയി 70,000 പേർക്കും തൽസമയ ബുക്കിംഗ് വഴി 20,000 പേർക്കും എല്ലാ ദിവസവും ദർശനം സാധ്യമാകും. സ്ത്രീകൾക്കും കുട്ടികൾക്കും പതിനെട്ടാംപടിക്കു മുമ്പായി നടപ്പന്തൽ മുതൽ പ്രത്യേകം ക്യു സംവിധാനവും പെട്ടെന്നു ദർശനം ലഭിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
സന്നിധാനത്ത് 24 മണിക്കുറും പ്രവർത്തിക്കുന്ന സൗജന്യ ഫിസിയോതെറാപ്പി സെന്റർ തയ്യാറാക്കി.എല്ലാ വകുപ്പുകളുമായുള്ള ഏകോപനത്തിന് പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.