തീർത്ഥാടക തിരക്കിൽ എരുമേലി
എരുമേലി: ശരണംവിളികളാൽ മുഖരിതമായി എരുമേലി. അയ്യപ്പ തിന്തകത്തോം, സ്വാമി തിന്തകത്തോം വിളികളോടെ ആയിരക്കണക്കിന് അയ്യപ്പന്മാർ കൊച്ചമ്പലത്തിൽ നിന്ന് വാവരു പള്ളി വണങ്ങി വലിയമ്പലത്തിലേക്ക് ആചാരാ അനുഷ്ഠാനങ്ങളോടെ പേട്ടതുള്ളുകയാണ്.
എരുമേലി ടൗൺ മുതൽ വലിയമ്പലം വരെ പേട്ടതുള്ളലിനായി തീർത്ഥാടകർക്ക് റോഡിന്റെ ഒരു വശം മാറ്റിവച്ചതോടെ പേട്ടതുള്ളലിന് തടസമില്ലാതായി.
ശബരിമല നട തുറന്ന ആദ്യദിവസം തന്നെ എരുമേലി പട്ടണത്തിലും പരിസരപ്രദേശങ്ങളിലും വാഹനങ്ങൾ നിറഞ്ഞു. കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ വാഹനങ്ങൾ ഇത്തവണ ആദ്യദിവസം തന്നെ എരുമേലിയിൽ എത്തി. ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. അന്യസംസ്ഥാനത്തിനുള്ള തീർത്ഥാടകരാണ് ഏറെയും എത്തിയത്.
കാനനപാതയിലൂടെയുള്ള തീർത്ഥാടകരുടെ തിരക്കും വർദ്ധിച്ചു. കൊരട്ടിയാറ്റിലും വലിയതോട്ടിലും കുളിക്കാനുള്ള സംവിധാനമുണ്ട്. വൻ ഉദ്യോഗസ്ഥ സന്നാഹം എരുമേലിയിലുണ്ട്. ആരോഗ്യ വകുപ്പും പോലീസും 24 മണിക്കൂറും ജാഗരൂകരാണ്.
നഗരത്തിലുടനീളം ക്ലോസ്‌ഡ് സർക്യൂട്ട് കാമറകൾ സ്ഥാപിച്ച് മോഷ്ടാക്കളെ നിരീക്ഷിക്കുന്നുണ്ട്. ഇതു സംബന്ധിച്ച അറിയിപ്പ് വിവിധ ഭാഷകളിൽ വലിയമ്പലത്തിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും തീർത്ഥാടകർക്കു നൽകുന്നുണ്ട്.