ഓപ്പറേഷൻ സിന്ദൂർ ട്രെയിലർ; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി

Tuesday 18 November 2025 7:00 AM IST

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ 88 മണിക്കൂർ നീണ്ട ഒരു ട്രെയിലർ മാത്രമാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. അതിർത്തി കടന്നുള്ള ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് പാകിസ്ഥാൻ തുടരുകയാണ്. ഡൽഹിയിൽ ചാണക്യ ഡിഫൻസ് ഡയലോഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭാവിയിലെ ഏത് സാഹചര്യം നേരിടാനും ഇന്ത്യ സജ്ജമാണ്. പാകിസ്ഥാൻ ഒരു അവസരം തന്നാൽ ഉത്തരവാദിത്വത്തോടെ പെരുമാറുന്നത് എങ്ങനെ എന്ന് ഇന്ത്യ അയൽരാജ്യത്തെ പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ ഭീകരതയെ വളർത്തുന്നത് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നതാണ്. ഇന്ത്യയുടെ മുന്നോട്ടുപോക്കിന് ആരെങ്കിലും തടസം സൃഷ്ടിച്ചാൽ നടപടിയെടുക്കേണ്ടിവരും. നമ്മൾ പുരോഗതിയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഭീകരവാദവും സംഭാഷണങ്ങളും ഒരുമിച്ച് സാദ്ധ്യമല്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയതാണ്. ഭീകരവാദികൾക്കും അവരെ കൈകാര്യം ചെയ്യുന്നവർക്കും തീർച്ചയായും മറുപടി നൽകും. ഒരു ഭീഷണി കത്ത് വന്നാലും ആർക്കാണ് മറുപടി നൽകേണ്ടതെന്ന് ഞങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.