മുളക് കഴിക്കുന്ന സ്‌പൈസി മീനുകൾ

Tuesday 18 November 2025 7:00 AM IST

ബീജിംഗ്: മത്സ്യ കർഷകർ കൂടുതൽ രുചിയും പോഷക ഗുണങ്ങളുമുള്ള മത്സ്യങ്ങളെയാണ് വളർത്താൻ തിരഞ്ഞെടുക്കുന്നത്. എന്നാൽ ചൈനയിലെ രണ്ട് കർഷകർ തങ്ങൾ വളർത്തുന്ന മത്സ്യങ്ങൾക്ക് രുചി ലഭിക്കാൻ പ്രയോഗിക്കുന്ന തന്ത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നല്ല എരിവുള്ള മുളകാണത്രെ മത്സ്യങ്ങൾക്ക് ഇവർ തീറ്റയായി നൽകുന്നത്.

ഹുനാൻ പ്രവിശ്യയിലെ ചാങ്ങ്‌ഷയിൽ ജിയാംഗ് ഷെംഗ് എന്ന 40കാരനും സുഹൃത്ത് കുവാങ്ങും ചേർന്ന് നടത്തുന്ന കുളമാണ് വാർത്തകളിൽ നിറയുന്നത്. 10 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഭീമൻ കുളത്തിൽ 2,000ത്തിലേറെ മത്സ്യങ്ങളെയാണ് വളർത്തുന്നത്. പലതരം മുളകുകൾ ദിവസവും ഇവയ്ക്ക് തീറ്റയായി നൽകുന്നെന്നും ഇതിലൂടെ ഇവ കൂടുതൽ രുചിയുള്ളതും തിളക്കമുള്ളതുമായി മാറുന്നെന്നും ജിയാംഗ് അവകാശപ്പെട്ടു. ചില ദിവസങ്ങലിൽ 5,000 കിലോഗ്രാം മുളക് വരെ വേണ്ടി വരും.

കോൺ പെപ്പർ, മില്ലറ്റ് പെപ്പർ തുടങ്ങി മനുഷ്യർ സാധാരണയായി ഉപയോഗിക്കുന്ന മുളക് ഇനങ്ങളാണ് മത്സ്യങ്ങൾക്കും നൽകുന്നത്. ആദ്യമൊക്കെ മുളക് കഴിക്കാൻ മത്സ്യങ്ങൾക്ക് മടിയായിരുന്നു. പിന്നീട് മുളക് മാത്രം തേടിപ്പിടിച്ച് കഴിക്കുന്ന സ്ഥിതിയായി. എരിവുള്ള ഭക്ഷണം കഴിച്ചാൽ മനുഷ്യർ വെള്ളം കുടിക്കും. എന്നാൽ വെള്ളത്തിൽ കഴിയുന്നതിനാൽ മത്സ്യങ്ങൾക്ക് അത് പ്രശ്നമല്ലെന്നാണ് ജിയാംഗിന്റെ വാദം

മനുഷ്യരെ പോലെ നാവിൽ രസ മുകുളങ്ങൾ മത്സ്യങ്ങൾക്കില്ലെന്നും ഗന്ധത്തിലൂടെയാണ് അവ ഭക്ഷണം തിരഞ്ഞെടുക്കുന്നതെന്നും മുളകിൽ ഏറെ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ടെന്നും ജിയാംഗ് പറഞ്ഞു. മുളകിലെ പോഷകഘടകങ്ങൾ മത്സ്യങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യുന്നെന്നും അത് അവയുടെ വളർച്ച വേഗത്തിലാക്കുകയും ചെതുമ്പലുകൾക്ക് സ്വർണ തിളക്കം നൽകുന്നെന്നും പറയുന്നു.

പ്രാദേശിക കർഷകരിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന മുളകുകൾ ആയതിനാൽ കൃഷി ലാഭകരമാക്കാമെന്നും ഇവർ പറയുന്നു. കുളം വൈറലായതോടെ ചൈനയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് ഇവിടേക്കെത്തുന്നത്.