തദ്ദേശ  തിരഞ്ഞെടുപ്പ്  വരെ  എസ്‌ഐആർ  നിർത്തിവയ്ക്കണം; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

Tuesday 18 November 2025 8:20 AM IST

ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ (എസ്‌ഐആർ) സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ എസ്‌ഐആർ തടയണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. ചീഫ് സെക്രട്ടറിയാണ് ഹർജി നൽകിയത്.

വിഷയത്തിൽ ഇടപെടില്ലെന്ന് ഹൈക്കോടതി തീരുമാനിച്ചതിന് പിന്നാലെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. എസ്‌ഐആറും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടപടികളും ഒരേ സംവിധാനം തന്നെ നടപ്പിലാക്കിയാൽ അത് ഭരണസംവിധാനത്തെ ബാധിക്കുമെന്നും രണ്ടും ഒരേ സമയം നടപ്പിലാക്കാൻ കഴിയില്ലെന്നുമാണ് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതുവരെ എസ്‌ഐആർ നിർത്തിവയ്ക്കണമെന്നും സംസ്ഥാന സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടു.

എസ്ഐആർ അടിയന്തരമായി നിറുത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗും സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പും എസ്‌ഐആറും ഒരേസമയം നടത്തുന്നതിനെയാണ് ഹർജിയിൽ ചോദ്യംചെയ്‌തത്. കണ്ണൂരിലെ ബി.എൽ.ഒ അനീഷ് ജോ‌ർജിന്റെ ആത്മഹത്യ അടക്കം ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൗരത്വ പരിശോധന നടത്തി കൂട്ട ഒഴിവാക്കലിനാണ് നീക്കമെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സമ‌ർപ്പിച്ച ഹർജിയിൽ പറയുന്നു.