ഒരാൾ  സ്വയം മരിക്കാൻ ഉറപ്പിച്ചാണ് ചാവേർ ആകുന്നത്,​ ഇസ്ലാമിൽ അറിയപ്പെടുന്നൊരു രക്തസാക്ഷിത്വ ഓപ്പറേഷനാണിത്;  ഉമർ  നബിയുടെ  വീഡിയോ

Tuesday 18 November 2025 10:18 AM IST

ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിലെ ചാവേർ ഡോ. ഉമർ മുഹമ്മദ് എന്ന ഉമർ ഉൻ നബിയുടെ വീഡിയോ പുറത്ത്. ചാവേർ ആക്രമണത്തെ ന്യായീകരിച്ചുള്ള ഈ വീഡിയോ രണ്ട് മാസം മുമ്പ് ഉമർ നബി ചില ടെലിഗ്രാം ഗ്രൂപ്പുകളിൽ പങ്കുവച്ചതെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്.

'വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ആശയമാണ് ചാവേർ ആക്രമണം. ഒരു മനുഷ്യൻ സ്വയം മരിക്കാൻ ഉറപ്പിച്ചാണ് ചാവേർ ആയി മാറുന്നത്. ഇത് ഇസ്ലാമിൽ അറിയപ്പെടുന്നൊരു രക്തസാക്ഷിത്വ ഓപ്പറേഷനാണ്. ഇപ്പോൾ ഇതിന് വിരുദ്ധമായി നിരവധി വാദങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്. ഒരു വ്യക്തി ഒരു പ്രത്യേക സ്ഥലത്ത്, സമയത്ത് മരിക്കുന്നതാണ് രക്തസാക്ഷിത്വ ഓപ്പറേഷൻ. എന്നിരുന്നാലും അയാൾ എവിടെ എപ്പോൾ മരിക്കുമെന്ന് പ്രവചിക്കാനാകില്ല. അങ്ങനെ നടക്കണമെന്ന് വിധിച്ചിട്ടുണ്ടെങ്കിൽ നടക്കും. മരണത്തെ ഭയപ്പെടരുത് ' - ഉമർ നബി വീഡിയോയിൽ പറഞ്ഞു.

ഒരു മിനിട്ട് 20 സെക്കന്റാണ് വീഡിയോയുടെ ദൈർഘ്യം. ഇംഗ്ലീഷ് ഭാഷയിലാണ് ഉമർ സംസാരിക്കുന്നത്. ഹോസ്റ്റൽ മുറിയെന്ന് തോന്നിക്കുന്ന ഒരു സ്ഥലത്തിരുന്നാണ് ഉമർ നബി വീഡിയോ റെക്കോർഡ് ചെയ്‌തിരിക്കുന്നത്. ചാവേർ ആക്രമണത്തെക്കുറിച്ച് ഉമർ ആഴത്തിൽ ചിന്തിച്ചിരുന്നുവെന്ന് ഇതിലൂടെ വ്യക്തമാണ്. വീഡിയോ ചിത്രീകരിക്കുന്ന സമയത്ത് ഇയാൾ പൂർണമായും ഒരു തീവ്രവാദിയായി മാറിയിരുന്നു എന്ന് ഇതിൽ നിന്ന് മനസിലാക്കാം.

വളരെ ശാന്തമായി സംസാരിക്കുന്ന ഉമർ ഒരു ഹീനകൃത്യത്തെയാണ് ഈ വീഡിയോയിലൂടെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്. ഡൽഹിയിലുണ്ടായ സ്‌ഫോടനം ആസൂത്രണം ചെയ്‌തത് നടത്തിയത് തന്നെയാണെന്നാണ് ഈ വീഡിയോയിലൂടെ വ്യക്തമാകുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടെ സൂചിപ്പിക്കുന്നത്. സ്‌ഫോടക വസ്‌തുക്കൾ കൊണ്ടുപോകുന്നതിനിടെ അബദ്ധത്തിൽ പൊട്ടിയതാകാം എന്ന ഊഹാപോഹങ്ങളെ നിരാകരിക്കുന്നത് കൂടിയാണ് ഈ വീഡിയോ.