ഇനി നഷ്ടമുണ്ടാകില്ല, പുത്തൻ പരിഷ്‌കാരവുമായി കെഎസ്ആർടിസി; എന്താണ് ഡൈനാമിക് പ്രൈസിംഗ്?
തിരുവനന്തപുരം: ബസുകൾ ആളില്ലാതെ കാലിയായി ഓടുന്നതിന്റെ നഷ്ടം നികത്താൻ പുത്തൻ പരിഷ്‌കാരവുമായി കെഎസ്ആർടിസി. സംസ്ഥാനാന്തര റൂട്ടുകളിൽ സ്വകാര്യ ബസുകളെപ്പോലെ 'ഡൈനാമിക് ടിക്കറ്റ് പ്രൈസിംഗ്' സംവിധാനം ആരംഭിക്കാനാണ് കെഎസ്ആർടിസി പദ്ധതിയിടുന്നത്. ആദ്യ ഘട്ടത്തിൽ ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നുള്ള പ്രീമിയം ബസുകളിലാണ് നടപ്പിലാക്കുക. പുതിയ പദ്ധതി വിജയമായാൽ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന കൂടുതൽ യാത്രക്കാർ കെഎസ്ആർടിസിയിലേക്ക് എത്തുമെന്നാണ് കരുതുന്നത്.
അനുമതി നൽകി ഡൈനാമിക് പ്രൈസിംഗിന് കെഎസ്ആർടിസി ഡയറക്ടർ ബോർഡ് കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. എന്നാൽ എപ്പോഴാണ് നിലവിൽ വരുകയെന്ന പ്രഖ്യാപനം പിന്നീടാണുണ്ടാകുക. പ്രവൃത്തി ദിവസങ്ങളിൽ പലപ്പോഴും ബസുകൾ ഒരു ഭാഗത്തേക്ക് ആളില്ലാതെയാണ് സർവീസ് നടത്തേണ്ടി വരുന്നത്. ഇങ്ങനെ വരുന്ന നഷ്ടം ഡൈനാമിക് പ്രൈസിംഗിലൂടെ കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രവൃത്തി ദിവസങ്ങളിൽ കെഎസ്ആർടിസി എസി ബസുകളെ അപേക്ഷിച്ച് സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് കുറവാണ്. യാത്രാ ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ കൂടുതലായും കുറഞ്ഞ നിരക്കുള്ള ബസുകളാണ് തിരഞ്ഞെടുക്കാറാണ് പതിവ്. ഈ രീതി കെഎസ്ആർടിസിയിലും നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്.
പത്തിൽ താഴെ യാത്രക്കാർ കേരള, കർണാടക എന്നീ ആർടിസി ബസുകളിൽ ഉത്സവ സീസണുകളിലും വാരാന്ത്യങ്ങളിലും ഫ്‌ളെക്സി നിരക്കുകളാണ് ഈടാക്കുന്നത്. എസി, നോൺ എസി ബസുകളിൽ ഒരു മാസം മുമ്പും 24 മണിക്കൂർ മുമ്പും ടിക്കറ്റെടുത്താൽ 20 മുതൽ 30 ശതമാനം അധിക നിരക്ക് നൽകണം. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വെള്ളിയാഴ്ചകളിലും തിരിച്ച് ഞായറാഴ്ചകളിലുമാണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്. എന്നാൽ തിങ്കളാഴ്ച അടക്കമുള്ള പ്രവൃത്തി ദിവസങ്ങളിൽ ബംഗളൂരുവിൽ നിന്ന് മടങ്ങുന്ന ബസുകളിൽ പത്തിൽ താഴെ യാത്രക്കാരാണ് ഉണ്ടാകാറുള്ളത്. ഇന്ധനചെലവ് പോലും ലഭിക്കാത്തത് കെഎസ്ആർടിസി ബസുകളിൽ കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.
കേരളത്തിന് പിന്നാലെ കർണാടകയും സംസ്ഥാനാന്തര റൂട്ടുകളിൽ സർവീസ് നടത്തുന്ന പ്രീമിയം എസി ബസുകളിൽ നിരക്ക് കുറയ്ക്കാനുള്ള നടപടി കർണാടക ആർടിസിയും ആരംഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള നിർദ്ദേശം ഗതാഗത വകുപ്പിന് സമർപ്പിച്ചെങ്കിലും അന്തിമഅനുമതി ആയിട്ടില്ല. കേരളവും തമിഴ്നാടും കൂടുതൽ എസി ബസുകളുടെ സർവീസ് ആരംഭിച്ചതോടെയാണ് കർണാടകയും ഈ രീതി അവലംബിക്കാൻ പദ്ധതിയിടുന്നത്.
ബംഗളൂരുവിലേക്ക് എസി സർവീസ് പുതിയ ബസുകൾ എത്തിയതോടെ കേരള ആർടിസി ബംഗളൂരു സർവീസുകൾ എസിയിലേക്ക് മാറ്റി. നിലവിൽ സർവീസ് നടത്തുന്നതിൽ 90 ശതമാനവും എസി പ്രീമിയം വിഭാഗത്തിലാണ്. മുൻപുണ്ടായിരുന്ന എസി സീറ്റർ ബസുകൾക്ക് പകരം സ്ലീപ്പർ, സീറ്റർ കം സ്ലീപ്പറുകളും ഡീലക്സ് ബസുകൾക്ക് പകരം എസി സീറ്റർ ബസുകളും സർവീസിനെത്തി. ഇതോടെ സ്വകാര്യ, കർണാടക ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നവർ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് കേരള ആർടിസി ബസുകളെയാണ്. എസി ബസ് സർവീസുകൾ കൂടുതലായും തിരുവനന്തപുരം, കൊട്ടാരക്കര, കോട്ടയം, എറണാകുളം, തൃശൂർ, തിരുവല്ല, പാലാ, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ്. വടകര, കണ്ണൂർ, തലശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കാണ് നോൺ എസി സർവീസുകൾ കൂടുതലായും നടത്തുന്നത്.
നിരക്കിളവ് എങ്ങനെ? ഒരു ബസിൽ ആദ്യം ബുക്ക് ചെയ്യുന്ന നിശ്ചിത ശതമാനം ടിക്കറ്റുകൾക്കാണ് നിരക്കിളവ് ലഭിക്കുക. അങ്ങനെ 50 ശതമാനം സീറ്റുകൾ അനുവദിക്കാം. ബാക്കി വരുന്ന 40 ശതമാനം സീറ്റുകളിൽ സർവീസ് ആരംഭിക്കുന്നതിന്റെ ഒരാഴ്ചയ്ക്കുള്ളിൽ ടിക്കറ്റെടുത്താൽ പതിവ് നിരക്കും പത്ത് ശതമാനം സീറ്റുകളിൽ 24 മണിക്കൂറിനുള്ളിൽ ബുക്ക് ചെയ്യുന്നവരിൽ നിന്ന് നിശ്ചിത ശതമാനം അധിക നിരക്കും ഈടാക്കും.
വിമാനക്കമ്പനികളാണ് ആദ്യമായി ഡൈനാമിക് പ്രൈസിംഗ് സംവിധാനം ആരംഭിച്ചതെങ്കിലും ഇപ്പോൾ ഇന്ത്യൻ റെയിൽവെയും നടപ്പാക്കുന്നു. ഉത്സവ സീസണുകളിലെ സ്‌പെഷ്യൽ ട്രെയിനുകളിലാണ് സമാന രീതി ഏർപ്പെടുത്തിയത്. ഇപ്പോൾ സ്‌പെഷ്യൽ ട്രെയിനുകളിൽ 30 ശതമാനം അധിക നിരക്കാണ് ഈടാക്കുന്നത്.