'ആടുജീവിതത്തിന് ദേശീയ പുരസ്കാരം കിട്ടാത്തതിൽ സങ്കടമില്ല,​ പ്രേക്ഷകരാണ് എന്റെ അംഗീകാരം'

Tuesday 18 November 2025 11:45 AM IST

2024ൽ തിയേറ്ററുകളിലെത്തിയ ഇന്ത്യൻ സിനിമകളിൽ ഏറ്റവും മികച്ചവയുടെ പട്ടികയിൽ മുന്നിലുള്ള ചിത്രമാണ് ബ്ളെസി സംവിധാനം ചെയ്ത ആടുജീവിതം. ഈ സിനമയിലെ പൃഥ്വിരാജിന്റെ പ്രകടനം എക്കാലത്തെയും ഗംഭീര പ്രകടനമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ബോക്‌സ്‌ഓഫീസിൽ 160 കോടിയിലേറെ കളക്ഷൻ നേടുകയും ചെയ്തു.

ഇപ്പോഴിതാ ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിക്കാതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് പൃഥ്വിരാജ് സുകുമാരൻ. ആളുകൾ തിയേറ്ററിൽ പോയി സിനിമ കാണുകയും ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ ആ സിനിമയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്ന് പൃഥ്വിരാജ് പറയുന്നു. പുതിയ ചിത്രമായ വിലായത്ത് ബുദ്ധയുടെ പ്രമോഷന്റെ ഭാഗമായി ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

'നാഷണൽ അവാർഡിന്റെ ഡിക്‌ളറേഷനും അവാ‌‌ർഡ് ചർച്ചകൾക്കുമൊക്കെ എത്രയോ മുമ്പ് തന്നെ സിനിമയ്ക്ക് നാഷണൽ അവാർ‌ഡ് പ്രതീക്ഷിക്കുന്നുണ്ടോയെന്ന ചോദ്യങ്ങൾ ഉയർന്നപ്പോൾ അന്ന് പറഞ്ഞ ഉത്തരം തന്നെയാണ് ഇന്നും എനിക്ക് പറയാനുള്ളത്.

എന്നെ സംബന്ധിച്ചിടത്തോളം നാഷണൽ അവാർഡ് സെക്കൻഡറി ബോണസ് മാത്രമാണ്. ഉദാഹരണത്തിന് ആടുജീവിതം ആരും തിയേറ്ററിൽ പോയി കാണാതെ ആ സിനിമ വർക്കാകാതെ പോകുകയും പരാജയപ്പെട്ട സിനിമയായിരുന്നിട്ടും അതിന് പതിനഞ്ച് ദേശീയ പുരസ്കാരങ്ങൾ കിട്ടിയിരുന്നെങ്കിൽ എനിക്ക് ഒരു സന്തോഷവും ഉണ്ടാകുമായിരുന്നില്ല. എന്റെ സന്തോഷം ആ സിനിമ കോടിക്കണക്കിന് ആളുകൾ തിയേറ്ററിൽ പോയി കാണുകയും ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്നതാണ്' പൃഥ്വിരാജ് പറയുന്നു.

'അവാർഡുകൾക്ക് പരിഗണിക്കുന്നത് ജൂറിയുടെ തീരുമാനമാണ്. ആ വർഷം അവാർഡ് നിർണയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഏഴോ എട്ടോ പേർ അടങ്ങുന്ന ജൂറിയുടെ തീരുമാനമാണത്. അവർ കണ്ട സിനിമകളിൽ തങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലും അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രകടനങ്ങൾക്കുമായിരിക്കും പുരസ്കാരങ്ങൾ നൽകുക.

'ആ തീരുമാനത്തോട് വേണമെങ്കിൽ വിയോജിക്കാം. മറ്റേ സിനിമ മികച്ചതായിരുന്നു എന്ന് നിങ്ങൾക്ക് പറയാൻ കഴിയും. പക്ഷെ ജൂറിയുടെ തീരുമാനം തെറ്റാണെന്ന് എങ്ങനെ പറയാൻ സാധിക്കും. അവർക്ക് നല്ലതെന്ന് തോന്നിയതിനാണ് അവാർ‌ഡ് കൊടുത്തത്. അതിൽ എനിക്ക് പൂർണ സന്തോഷമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നതാണ് ഏറ്റവും വലിയ അംഗീകാരം. ആടുജീവിതത്തിന് ആ അംഗീകാരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്'. പ്രിഥ്വിരാജ് കൂട്ടിച്ചേർത്തു.