മമ്മൂട്ടിയേയും മോഹൻലാലിനെയും ഉപയോഗിച്ചു, ബോയ്ഫ്രണ്ടിലെ ഈ സീൻ വലിയ പ്രശ്നമായി; വിലക്ക് നേരിട്ടെന്ന് വിനയൻ
മണിക്കുട്ടനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രമാണ് 'ബോയ്ഫ്രണ്ട്'. സിനിമയിൽ കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ സഹായത്തോടെ മോഹൻലാലിനെയും മമ്മൂട്ടിയേയും അവതരിപ്പിച്ചിരുന്നു. ഒരു കോളേജ് പരിപാടിക്കിടെയായിരുന്നു ഈ സീൻ. എന്നാൽ ഇങ്ങനെ ചെയ്തത് അന്ന് വലിയ പ്രശ്നമായെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ ഇപ്പോൾ.
'സാദ്ധ്യതകൾ നമ്മൾ വിചാരിക്കുന്നതിനേക്കാൾ അപ്പുറമാണ്. ഹൾക്ക് പോലെ കൊച്ചുകുട്ടി വലുതാകുന്ന കൺസെപ്റ്റായിരുന്നു 'അതിശയന്റേത്'. അക്കാലത്ത് വർഷങ്ങൾ എടുത്തായിരുന്നു ഒരു ഹോളിവുഡ് പടം ചെയ്യുന്നത്. നമ്മുടെ നാട്ടിൽ ചെറിയ ബഡ്ജറ്റിംഗൊക്കെയാണല്ലോ. അതുകൊണ്ട് ഞാൻ ഉദ്ദേശിച്ചതുപോലുള്ള ഗ്രാഫിക്സ് ആ സിനിമയിൽ വന്നില്ല. കമ്പ്യൂട്ടർ ഗ്രാഫിക്സിൽ 'ബോയ്ഫ്രണ്ട്' എന്ന ചിത്രത്തിൽ മോഹൻലാലിനെയും മമ്മൂട്ടിയേയും അവതരിപ്പിച്ചു. അന്ന് അത് വലിയ പ്രശ്നമായി. ഒന്നോ രണ്ടോ വർഷം അവർ വിലക്കി.
ഇന്ന് ആർക്കും ആരെയും ഉണ്ടാക്കാം. അതിന് ഒരു ലിമിറ്റേഷനും ഇല്ല. ഇവിടെയിരിക്കുന്ന നിങ്ങളിൽ ആരെ വേണമെങ്കിലും എ ഐയിൽ ഉണ്ടാക്കാം. ഇത് എഐ ആണെന്നും ഞാനല്ലെന്നും പറഞ്ഞ് നമ്മൾ പിറകെ നടക്കേണ്ട അവസ്ഥയാണ്. ഇന്ന് മമ്മൂക്കയ്ക്കും മോഹൻലാലിനുമൊക്കെ ഒരു വർഷം നൂറ് പടത്തിന് ഡേറ്റ് കൊടുക്കാം. അവരുടെ ഫോട്ടോകൾ കൊടുത്താൽ മതി. നമുക്ക് പടമുണ്ടാക്കാം.'- വിനയൻ പറഞ്ഞു. 'മണികണ്ഠൻ ദി ലാസ്റ്റ് അവതാർ'- എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു വിനയൻ.