'അനുസരണക്കേട് കാണിച്ചു, മുത്തച്ഛന്റെയും മുത്തശിയുടെയും അടുത്തിരുന്നു'; നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച് അമ്മ
കൊച്ചി: നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച് ക്രൂരത കാട്ടിയ അമ്മ അറസ്റ്റിൽ. മരട് കാട്ടിത്തറ സ്വദേശിനിയാണ് അറസ്റ്റിലായത്. ഏറെ നാളായി അമ്മ കുട്ടിയെ ഉപദ്രവിച്ചിരുന്നു എന്നാണ് വിവരം. അമ്മയെ ഉടൻ കോടതിയിൽ ഹാജരാക്കും. വീട്ടിലെ പ്രശ്നങ്ങളെ തുടർന്നാണ് അമ്മ കുട്ടിയെ ഉപദ്രവിച്ചതെന്നാണ് അയൽവാസികൾ പറയുന്നത്.
സ്‌കൂളിൽ എത്തിയ കുട്ടി വിഷമിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപകർ കാര്യം തിരക്കിയപ്പോഴാണ് അമ്മയുടെ ക്രൂരത തുറന്നുപറഞ്ഞത്. വീട്ടിൽ നിന്ന് ചേട്ടന് ഭക്ഷണം കഴിക്കാൻ കൊടുത്തെന്നും തനിക്കൊന്നും തന്നില്ലെന്നും കുട്ടി അദ്ധ്യാപകരോട് പറഞ്ഞു. തുടർന്ന് അദ്ധ്യാപകർ കുട്ടിയെ പരിശോധിച്ചപ്പോഴാണ് പൊള്ളലേറ്റ പാടുകൾ കണ്ടത്. ഇതോടെ സ്‌കൂൾ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ കൈകാലുകളിലും സ്വകാര്യ ഭാഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്. തുടർന്ന് കുട്ടിക്ക് വൈദ്യ സഹായം നൽകി.
പറഞ്ഞത് കേൾക്കാത്തതിനെ തുടർന്നാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് അമ്മ പൊലീസിന് മൊഴി നൽകി. കുട്ടിയെ അമ്മ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും പത്തിൽ കൂടുതൽ തവണ ചട്ടുകം ചൂടാക്കി പൊള്ളിച്ചെന്നും വിവരമുണ്ട്. കുട്ടിയുടെ മുത്തച്ഛനും മുത്തശിയും ഇവരുടെ രണ്ട് ആൺമക്കളും അവരുടെ കുടുംബവും ഒരേ വീട്ടിലാണ് താമസിക്കുന്നത്. കുട്ടിയുടെ അമ്മയും ഇവരും തമ്മിൽ സ്വരച്ചേർച്ചയുണ്ടായിരുന്നില്ല. രണ്ട് അടുപ്പുകളിലായാണ് ഭക്ഷണം പാചകം ചെയ്തിരുന്നത്. മുത്തച്ഛനും മുത്തശിയുടെയും അടുത്തുപോയി ഇരുന്നതിനാണ് കുട്ടിയെ ശിക്ഷിച്ചതെന്ന് അമ്മ പറയുന്നു.