വ്യാജ നെയ്യ് വ്യാപകമാകുന്നു; എളുപ്പത്തിൽ തിരിച്ചറിയാൻ ചില സൂത്രങ്ങൾ
കർണാടകയിലെ പ്രമുഖ ബ്രാൻഡായ നന്ദിനി നെയ്യുടെ വ്യാജൻ വ്യാപകമാവുന്നതായുള്ള വാർത്തകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മലയാളി അടുക്കളകളിലും ഒഴിവാക്കാനാവാത്ത ഒന്നാണ് നെയ്യ്. മാത്രമല്ല വിവാഹം, ഉത്സവങ്ങൾ തുടങ്ങിയ ആഘോഷങ്ങളിലും നെയ്യ് വ്യാപകമായി ഉപയോഗിക്കുന്നു. പാം ഓയിൽ, വെളിച്ചെണ്ണ, മൃഗക്കൊഴുപ്പ് തുടങ്ങിയവ ഉപയോഗിച്ചാണ് വ്യാജ നെയ്യ് തയ്യാറാക്കുന്നത്. ഇത് ആരോഗ്യപ്രശ്നങ്ങൾക്കടക്കം കാരണമാകാം. അതിനാൽതന്നെ വ്യാജനെ തിരിച്ചറിയാൻ ചില സൂത്രങ്ങൾ പ്രയോഗിക്കാം.
- ഒരു സ്‌പൂൺ നെയ്യ് കൈവെള്ളയിൽ വച്ച് നന്നായി ഉരസണം. ശുദ്ധമായ നെയ്യ് ആണെങ്കിൽ പെട്ടെന്ന് ഉരുകും.
- ശുദ്ധമായ നെയ്യ് ഉരുകിക്കഴിഞ്ഞാൽ ചെറിയ ചൂടുണ്ടായിരിക്കും. മാത്രമല്ല വെണ്ണയുടെ മണവും ഉണ്ടാകും. സസ്യ എണ്ണയോ മറ്റ് ചേരുവകളോകൊണ്ട് തയ്യാറാക്കിയ നെയ്യിൽ തരികൾ അവശേഷിക്കും.
- ഒരു സ്‌പൂൺ നെയ്യ് ഒരു പാനിലിട്ട് ചെറുതീയിൽ വയ്ക്കുക. ശുദ്ധമായ നെയ്യ് പെട്ടെന്ന് ഉരുകുകയും സ്വർണനിറമോ ഇരുണ്ട ബ്രൗൺ നിറമോ ഉണ്ടാകും. വ്യാജൻ ഉരുകാൻ കൂടുതൽ സമയമെടുക്കും. മാത്രമല്ല തവിട്ടുനിറമാകുന്നതിന് പകരം ഇളം മഞ്ഞയായി മാറും.
-
സുതാര്യമായ കുപ്പിയിലേക്ക് അല്പം നെയ്യ് ഒഴിക്കുക. ഒരു നുള്ള് പഞ്ചസാര ചേർത്ത് കുപ്പി അടച്ച് നന്നായി കുലുക്കുക. കുറച്ച് മിനിറ്റ് നേരം ഇത് ഇളക്കാതെ വയ്ക്കുക. ശുദ്ധമായ നെയ്യ് ആണെങ്കിൽ കുപ്പിയുടെ അടിയിൽ നിറമുള്ള അവശിഷ്ടങ്ങൾ അടിഞ്ഞുകൂടില്ല.
-
മായം ചേർത്ത നെയ്യ് ആണെങ്കിൽ കുപ്പിയുടെ ചുട്ടിൽ ചുവപ്പ് കലർന്നതോ പിങ്ക് കലർന്നതോ ആയ ഒരു പാളി രൂപം കൊള്ളും. രാസ അഡിറ്റീവുകളോ മായം ചേർക്കുന്ന വസ്തുക്കളോ പഞ്ചസാരയുമായി പ്രതിപ്രവർത്തിക്കുന്നതിന്റെ ഫലമായാണ് ഇങ്ങനെ ഉണ്ടാകുന്നത്.