ആഴ്ചയിൽ 72 മണിക്കൂർ ജോലി, ഇന്ത്യയിലുള്ളവർ 9-9-6 ഫോർമുല പിന്തുടരണം, വാദത്തിൽ ഉറച്ച് നാരായണ മൂർത്തി
ന്യൂഡൽഹി: ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാൻ യുവതലമുറ ആഴ്ചയിൽ 72 മണിക്കൂർ ജോലി ചെയ്യണമെന്ന തന്റെ പഴയ വാദം വീണ്ടും ശക്തമാക്കി ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തി. ഇതിനായി അദ്ദേഹം മുന്നോട്ട് വച്ച 9-9-6 എന്ന ഫോർമുലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
'രാവിലെ 9 മുതൽ രാത്രി 9 വരെ ആഴ്ചയിൽ 6 ദിവസവും ജോലി ചെയ്യുന്നതാണ് 9-9-6 എന്ന ഫോർമുല കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലൂടെ ആഴ്ചയിൽ 72 മണിക്കൂർ ജോലി എന്ന ലക്ഷ്യം കൈവരിക്കാം' എന്നാണ് നാരായണ മൂർത്തി പറയുന്നത്. 'ഒരു വ്യക്തിയും ഒരു സമൂഹവും ഒരു രാജ്യവും കഠിനാധ്വാനത്തിലൂടെ അല്ലാതെ ഉയർന്നുവന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴ്ചയിൽ 100 മണിക്കൂർ ജോലി ചെയ്യുന്നുണ്ടെന്നും കഠിനാധ്വാനത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണ് അദ്ദേഹമെന്നും നാരായണ മൂർത്തി കൂട്ടിച്ചേർത്തു. അതേസമയം നാരായണ മൂർത്തിക്ക് മുമ്പ് ചൈനീസ് ശതകോടീശ്വരനും ആലിബാബ സ്ഥാപകനുമായ ജാക്ക് മായും 9-9-6 ജോലി സമയത്തെ പ്രോത്സാഹിപ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ജീവനക്കാർക്കിടയിൽ ഇത് വൻ പ്രതിഷേധത്തിന് കാരണമാവുകയും ചൈനീസ് അധികൃതരും കോടതിയും ഇത് അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയുമായിരുന്നു.
നിലവിൽ ചൈനയിലെ ജോലി സമയം ആഴ്ചയിൽ ശരാശരി 44 മണിക്കൂറാണ്. ഇന്ത്യയിലെ ജോലി സമയം 46.7 മണിക്കൂറാണ്. നാരായണ മൂർത്തിയുടെ പുതിയ വാദത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്. മാസം ഒന്നോ രണ്ടോ ലക്ഷം രൂപ ശമ്പളം നൽകിയാൽ 9-9-6 ക്രമത്തിൽ ജോലി ചെയ്യാൻ തയ്യാറാണെന്നാണ് ഒരാളുടെ കമന്റ്. ഇന്ത്യയെ ശരിയായ ദിശയിലേക്ക് നയിക്കൂ, ഞങ്ങൾക്ക് ജീവിക്കണമെന്നും കമന്റുകളിലുണ്ട്.