'ക്രിസ്ത്യാനിയായ ഭാര്യയെ ഞാൻ മതം മാറ്റിയിട്ടില്ല'; മതം മാറാമെന്ന് ബീന പറഞ്ഞപ്പോൾ മനോജ് പറഞ്ഞത് ഇത്രമാത്രം
മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് മനോജും ബീന ആന്റണിയും. ക്രിസ്ത്യാനിയായ ഭാര്യയെ താൻ മതംമാറ്റിയിട്ടില്ലെന്നും ബീന ഇക്കാര്യം ഇങ്ങോട്ട് പറഞ്ഞിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മനോജ്.
'ക്രിസ്ത്യാനിയായ ഭാര്യയെ ഞാൻ മതം മാറ്റിയിട്ടില്ല. അവൾ എന്റെയടുത്ത് പറഞ്ഞതാണ്. നായർ വീടുകളിൽ അറിയാലോ, മുതിർന്നവർക്കൊക്കെ പ്രശ്നമാകുമെന്ന് പേടിച്ച് ഇവൾ മതംമാറണോയെന്ന് എന്നോട് ചോദിച്ചു. അവൾക്ക് പ്രശ്നമൊന്നുമില്ല, പള്ളിയിലോ അമ്പലത്തിലോ ഒക്കെ നേരത്തെയും പോയിരുന്നു. എന്ത് പറഞ്ഞ് മാറാനാണ് നീയെന്ന് ചോദിച്ചു.
യേശുവിനെ മറക്കാനാണോ, എന്റെ കൈയിൽ കുരുശിരിപ്പുണ്ട്. ഞാൻ യേശുവിന്റെ ആരാധകനാണ്. അങ്ങനെയിരിക്കുമ്പോൾ ഞാൻ എങ്ങനെയാണ് നിന്നോട് യേശുവിനെ മറക്കാൻ പറയുന്നതെന്ന് ചോദിച്ചു. അമ്പലത്തിലൊക്കെ പോകുമ്പോൾ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് കാണുമ്പോൾ മനുവിന് വിഷമം തോന്നില്ലേയെന്ന് ബീന ചോദിച്ചപ്പോൾ, നിനക്ക് കയറാൻ പറ്റാത്ത അമ്പലത്തിൽ ഞാൻ കയറില്ലെന്ന് പറഞ്ഞു. അമ്പലത്തിൽ ഹിന്ദുക്കൾ, അഹിന്ദുക്കൾ എന്നൊക്കെ എഴുതിവയ്ക്കുന്നത് വൃത്തികേടല്ലേ. ഇതൊക്കെ എന്നേ എടുത്തുകളയേണ്ടതാണ്. മാറ്റുവിൻ ചട്ടങ്ങളെ. ഞാൻ ഇതിനൊക്കെ ഭയങ്കര എതിരാണ്. ഇതൊക്കെ കേൾക്കുമ്പോൾ അന്ധവിശ്വാസികൾക്ക് എന്നെ കൊല്ലാനുള്ള ദേഷ്യം വരും. ബോധം വരട്ടെന്നേ.
കാലം മാറുമ്പോൾ കോലവും മാറണം. മാറുമറക്കാതെ നടന്നു, പിന്നീട് മാറ് മറക്കാൻ കഴിഞ്ഞില്ലേ, സതി പോലുള്ള എന്തൊക്കെ ഭ്രാന്തുകളായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് ഭാര്യയോട് ഭർത്താവിന്റെ ചിതയിൽ ചാടാൻ പറഞ്ഞാൽ ഒരൊറ്റ അടി മോന്തയ്ക്ക് അടിക്കും.
അവൾ എന്ന് പറയുന്ന വ്യക്തിയെയല്ലേ ഞാൻ സ്‌നേഹിക്കുന്നത്. ദൈവം സഹായിച്ച് എന്റെ വീട്ടിൽ വിവാഹത്തിന് ആരും ഒന്നും പറഞ്ഞിട്ടില്ല. ഞങ്ങൾ ഒന്നായിട്ട് 22 വർഷമായി.'- മനോജ് പറഞ്ഞു.