ഇടയ്‌ക്കിടെ ശ്വാസതടസം അനുഭവപ്പെടാറുണ്ടോ? സിഒപിഡി ആകാം, സൂക്ഷിക്കൂ

Tuesday 18 November 2025 3:46 PM IST

'ശ്വാസതടസം, സിഒപിഡി ആകാം" എന്നതാണ് ഈ വര്‍ഷത്തെ ലോക COPD ദിനത്തിന്റെ വിഷയം. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മനസിലാക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടാനാണ് ഈ ദിനം ആചരിക്കുന്നത്. സ്പൈറോമെട്രി ടെസ്റ്റ് ഉപയോഗിച്ച് ശ്വാസനാളത്തിന്റെ തടസവും മറ്റു പ്രശ്‌നങ്ങളും കണ്ടെത്താന്‍ സാധിക്കുന്നു.

ശ്വാസകോശ പ്രവര്‍ത്തന പരിശോധന അല്ലെങ്കില്‍ സ്‌പൈറോമെട്രിയിലൂടെ ശ്വാസകോശാരോഗ്യം മാത്രമല്ല, നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെപ്പറ്റിയും അറിയാന്‍ കഴിയുന്നു. സിഒപിഡി ഉള്‍പ്പെടെയുള്ള മറ്റു ശ്വാസകോശ രോഗങ്ങളുടെ നേരത്തെയുള്ള രോഗനിര്‍ണയത്തിനും ചികിത്സയ്‌ക്കും കൃത്യമായ ഇടവേളകളിലുള്ള സ്‌പൈറോമെട്രി പരിശോധന വഴിയൊരുക്കുന്നു.

പുകയിലയുടെ ഉപയോഗം, വായു മലിനീകരണം, ശ്വാസകോശ സംബന്ധമായ അണുബാധകള്‍ എന്നിവ ഭാവിയില്‍ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ ശീലങ്ങള്‍ പിന്നീട് ജീവിതത്തില്‍ വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

എന്താണ് COPD?

COPD - Chronic Obstructive Pulmonary Disease, ശ്വാസനാളങ്ങള്‍ അടഞ്ഞു പോവുകയും ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനം വളരെ മന്ദഗതിയിലാകുകയും ചെയ്യുന്ന അവസ്ഥയാണ്. COPDയുടെ പ്രധാന ലക്ഷണം ആയാസമുള്ള ജോലികള്‍ ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന കിതപ്പും ശ്വാസതടസവുമാണ്. COPD പുരോഗമിക്കുമ്പോള്‍, പതിവായി ചുമ, ശ്വാസതടസം എന്നിവ അനുഭവപ്പെടാം. ഇത് തീവ്രമാകുമ്പോള്‍ ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറയുകയും ക്രമേണ respiratory failure ആകാനും സാദ്ധ്യതയുണ്ട്.

COPD യുടെ അപകട ഘടകങ്ങള്‍ · പുകവലി · വായു മലിനീകരണം · ജനിതകം · കുട്ടിക്കാലത്ത് ആവര്‍ത്തിച്ചുള്ള ശ്വാസകോശ സംബന്ധമായ അണുബാധകള്‍ ഉണ്ടാവുക · പ്രായം

സ്ഥായിയായി ശ്വാസനാളങ്ങളെ ബാധിക്കുന്ന ഈ രോഗം WHOന്റെ കണക്കനുസരിച്ച് മരണകാരണമായ രോഗങ്ങളില്‍ മൂന്നാമത്തെ സ്ഥാനത്താണ്. 90% COPD മരണങ്ങളും അവികസിത - വികസ്വര രാജ്യങ്ങളുലെ 70 വയസിന് താഴെയുള്ളവരിലാണ് സംഭവിക്കുന്നത്. ലോകമെമ്പാടുമുള്ള അനാരോഗ്യത്തിന്റെ ഏഴാമത്തെ പ്രധാന കാരണമാണ് COPD. വികസിത രാജ്യങ്ങളില്‍ 70 ശതമാനം സിഒപിഡിയുടെ കാരണം പുകവലിയാണ്. അതേസമയം അവികസിത - വികസ്വര രാജ്യങ്ങളില്‍, 30-40 ശതമാനം സിഒപിഡി കേസുകളാണ് പുകവലി മൂലം ഉണ്ടാകുന്നത്, അന്തരീക്ഷ മലിനീകരണവും പുകയടുപ്പിലെ പുകയുമാണ് മറ്റു കാരണങ്ങള്‍.

പ്രതിരോധ മാര്‍ഗങ്ങള്‍ എന്തെല്ലാം?

സിഒപിഡിയെക്കുറിച്ചുള്ള അറിവ് രോഗ പ്രതിരോധത്തിന് വഴിയൊരുക്കുന്നു. സിഒപിഡിയെ ചെറുക്കുന്നതില്‍ അപകടസാദ്ധ്യതാ ഘടകങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് തീര്‍ത്തും ഒഴിവാക്കേണ്ടതാണ്.

നിങ്ങളുടെ ശ്വാസകോശത്തെ പരിപാലിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍

· പുകവലി ഉപേക്ഷിക്കുക, ആതോടൊപ്പം മറ്റൊരാള്‍ പുകവലിക്കുമ്പോള്‍ ആ പുക ശ്വസിക്കാതിരിക്കുക. · വീട്ടിലെ പുകയടുപ്പില്‍ നിന്നും മാലിന്യം കത്തിക്കുമ്പോഴും ഉള്ള പുക ശ്വസിക്കുന്നത് ഒഴിവാക്കുക. · വ്യായാമം ചെയ്യുന്നത് ശീലമാക്കുക, അതുവഴി നിങ്ങളുടെ ശ്വാസകോശ പ്രവര്‍ത്തനവും പൊതുവായ ആരോഗ്യവും മെച്ചപ്പെടുത്താനാകും. · പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതാനായി സമികൃതാഹാരം ശീലമാക്കുക. · ആസ്ത്മ, പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ അസുഖങ്ങള്‍ നിയന്ത്രണ വിധേയമാക്കുക. · COPD-യെക്കുറിച്ച് അവബോധരാവുക

ചുരുക്കിപ്പറഞ്ഞാല്‍, ലോക COPD ദിനം ഒരാളുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. 'നിങ്ങളുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം അറിയുക' എന്ന തീം നമ്മുടെ ശ്വാസകോശാരോഗ്യത്തിന് മുന്‍ഗണന നല്‍കാനും മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും നമ്മെ പ്രചോദിപ്പിക്കുന്നു.

Dr. Sofia Salim Malik Senior Consultant Pulmonologist, Allergy, Immunology & Sleep Consultant SUT Hospital, Pattom