ആശുപത്രിയിലേക്ക് പോകുംവഴി ആംബുലൻസിൽ തീ പടർന്നു; പിഞ്ച് കുഞ്ഞും ഡോക്‌ടറും ഉൾപ്പെടെ നാലുപേർ വെന്തുമരിച്ചു
Tuesday 18 November 2025 4:43 PM IST
അഹമ്മദാബാദ്: ഗുജറാത്തിൽ ആംബുലൻസിന് തീപിടിച്ച് പിഞ്ച് കുഞ്ഞടക്കം നാലുപേർ മരിച്ചു. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. ആംബുലൻസിലുണ്ടായിരുന്ന മൂന്നുപേർ പരിക്കേറ്റ് ചികിത്സയിലാണ്.
ഇന്ന് പുലർച്ചെ 12.45ഓടെയാണ് മൊദാസ പട്ടണത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെവച്ചാണ് സ്വകാര്യ ആശുപത്രിയുടെ ആംബുലൻസിന് തീപിടിച്ചത്. ഡോക്‌ടറും നഴ്‌സും നവജാത ശിശുവും ഉൾപ്പെടെ മരിച്ചു. കുഞ്ഞിന്റെ മുത്തശി ഉൾപ്പെടെ ആംബുലൻസിലുണ്ടായിരുന്നു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഫോറൻസിക് സംഘത്തിന്റെ റിപ്പോർട്ട് വന്നാൽ മാത്രമേ ഇക്കാര്യം വ്യക്തമാകു എന്ന് അധികൃതർ അറിയിച്ചു.