വാഹനം വിൽക്കുന്നവരുടെ ശ്രദ്ധയ്ക്ക്.... പേര് മാറ്റിയില്ലേ, കേസ് വന്നാൽ കുടുങ്ങും

Wednesday 19 November 2025 12:37 AM IST

കോട്ടയം : അടുത്ത കാലത്തായി സെക്കന്റ് ഹാൻഡ് വാഹനങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട് കേൾക്കുന്ന ഒരു പരാതിയാണ് വാഹനം വിറ്റു. പക്ഷെ, പേര് മാറ്റിയിട്ടില്ല. ട്രാഫിക് നിയമലംഘനത്തിന് നോട്ടീസ് വന്നിട്ടുണ്ട്. എ.ഐ. ക്യാമറകളും കൂടി എത്തിയതോടെ ഇത്തരം പരാതികൾ ഉയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചെങ്ങളംസൗത്ത് മൂന്നുമൂല ശ്രീജി നിവാസിൽ ടി.എസ്.മണിയ്‌ക്ക് ഇതുവരെ വന്നത് 9,000 രൂപയുടെ പിഴ. വേളൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഗവ.അദ്ധ്യാപികയും സമാന അവസ്ഥയിലാണ്. ഡീലർമാർ ഉടമസ്ഥാവകാശം കൈമാറാതെ വണ്ടി വാങ്ങുന്നത് മൂലം നിരവധി സാധാരണക്കാരാണ് വട്ടം ചുറ്റുന്നത്. ഡീലർക്ക് വാഹനം കൈമാറുമ്പോൾ നിയമപരമായി രേഖകളും പേരും മാറ്റണമെന്നാണ് ചട്ടമെങ്കിലും രേഖയിൽ ഉടമസ്ഥരുടെ എണ്ണം കൂടുമെന്നതും വിലയെ ബാധിക്കുമെന്നതും ചൂണ്ടിക്കാട്ടിയാണ് പലരും സാവകാശം ചോദിക്കുന്നത്. എന്നാൽ വണ്ടി മറിച്ചു വിറ്റുപോയാലും ഉടമസ്ഥാവാകാശം മാറ്റാതെ ഉപയോഗിക്കുന്നതാണ് പൊല്ലാപ്പാകുന്നത്. വാഹനം ആർക്ക് കൈമാറിയാലും ആർ.സി ബുക്കിലെ പേരുകാരനാണ് വാഹനത്തിന്റെ നിയമപരമായ ഉത്തരവാദിത്വം. കരാർ എഴുതി വാഹനം കൈമാറിയാലും നിയമസാധുതയില്ല.

ഡൽഹി സ്‌ഫോടന ശേഷം ആശങ്ക കൂടി

ഡൽഹി സ്ഫോടനത്തിന് ഉപയോഗിച്ച കാറും ഉടമസ്ഥാവകാശം മാറാതെ വിറ്റതാണ്. സംഭവമുണ്ടായ ഉടൻ ഉടമയെ ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കടക്കം ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നതാണ് ആശങ്കയിടയാക്കുന്നത്. സംഭവത്തിന് ശേഷം ജില്ലയിലും വാഹനം വിറ്റ പലരും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരോട് വിവരം തിരക്കുന്നുണ്ട്. പഴയ വാഹനം ഡീലർക്ക് കൈമാറിയെങ്കിലും പേര് മാറ്റാൻ പിന്നാലെ നടക്കേണ്ട ഗതികേടാണ്. വാഹനം ഓടിക്കുന്നയാൾ ഉണ്ടാക്കുന്ന അപകടം, നിയമലംഘനം, ക്രിമിനൽ കേസ് തുടങ്ങിയവയ്ക്കും മറുപടി പറയണം. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്ത സംഭവങ്ങളുമുണ്ട്.

സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

അംഗീകൃത ഡീലർമാർക്ക് വിൽക്കുക, പേര് മാറ്റിക്കൊടുക്കാൻ ശ്രദ്ധിക്കുക

 വാഹനങ്ങൾ പണയത്തിന് നൽകുമ്പോഴും വിശ്വസിക്കുന്നവർക്ക് നൽകുക

വാഹനങ്ങൾ കൊടുക്കുമ്പോൾ പേര് മാറ്റിയെന്ന് പരിവാഹൻ ആപ്പിലൂടെ ഉറപ്പാക്കുക

'' വാഹനം കൈമാറുമ്പോൾ പേര് കൂടി മാറണം എന്നത് മാത്രമാണ് പരിഹാരം. നിരവധിപ്പേരാണ് നൂലാമാലകളുമായി നടക്കുന്നത്.

ആർ.ടി.ഒ അധികൃതർ