ദുരന്തമുഖത്ത് ഇനി പറക്കുന്ന രക്ഷകൻ: എൻഐടി വിദ്യാർഥികളുടെ 'പറവൈ' ഡ്രോണിന് ദേശീയ ശ്രദ്ധ
പ്രളയം, മണ്ണിടിച്ചിൽ പോലുള്ള പ്രകൃതിദുരന്തങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി സ്വയം പറന്നുയരുന്ന (Autonomous) ഒരു നൂതന ക്വാഡ്കോപ്റ്റർ വികസിപ്പിച്ചെടുത്ത് കോഴിക്കോട് എൻഐടി വിദ്യാർഥി കൂട്ടായ്മ ദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. 'ടീം പറവൈ' എന്ന പേരിലുള്ള ഈ സംഘം രൂപകൽപ്പന ചെയ്ത സെർച്ച് ആൻഡ് റെസ്ക്യൂ ഡ്രോൺ, ചെന്നൈയിൽ നടന്ന എസ്എഇ എയറോത്തോൺ 2025-ൽ ആണ് അവതരിപ്പിച്ചത്. പരിപാടിയിൽ പങ്കെടുത്ത വിദഗ്ധരുടെയടക്കം പ്രശംസ പിടിച്ചുപറ്റിയ ഈ സാങ്കേതികവിദ്യയെക്കുറിച്ച് അറിയാം.
പദ്ധതിയുടെ തുടക്കം കഴിഞ്ഞ ഓഗസ്റ്റിൽ രൂപീകരിച്ച 15 അംഗ വിദ്യാർത്ഥി സംഘമാണ്, കാലാവസ്ഥാ പ്രതിസന്ധി മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തന ഏജൻസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഈ കോംപാക്ട് ഏരിയൽ സിസ്റ്റം (Compact Aerial System) രൂപകൽപ്പന ചെയ്തത്. ബിടെക് വിദ്യാർത്ഥികളായ ധനുഷ്, ഡഫി, രെഹാൻ, ഇൻസാഫ്, ജിയാവന്ത്, രാഹുൽ എന്നിവരാണ് ഈ പ്രോജക്ടിന് നേതൃത്വം നൽകിയത്.
സമയപരിമിതികൾക്കിടയിലും, മത്സരം തുടങ്ങുന്നതിന് ദിവസങ്ങൾക്കു മുമ്പാണ് സംഘം ഡിസൈൻ പൂർത്തിയാക്കി സിസ്റ്റം സംയോജനം വിജയകരമായി നടത്തിയത്. കോകോസ്.എ.ഐ. (Kokos.AI) എന്ന സ്ഥാപനം സാമ്പത്തികമായും സാങ്കേതികമായും ഈ പദ്ധതിക്ക് പൂർണ പിന്തുണയും നൽതി.
ഡ്രോണിന്റെ പ്രധാന പ്രത്യേകതകൾ വെറും 2 കിലോഗ്രാം ഭാരമുള്ള ഈ ക്വാഡ്കോപ്റ്റർ, കാർബൺ ഫൈബർ സംയോജിത വസ്തുക്കളും ത്രിമാന പ്രിന്റഡ് പി.എ.12-ഉം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ഡ്രോണിന് ഭാരം കുറവും ഈടുനിൽപ്പും ഉറപ്പാക്കുന്നു. യഥാർഥ രക്ഷാപ്രവർത്തനങ്ങൾക്ക് അനുയോജ്യമായ നിരവധി അത്യാധുനിക സവിശേഷതകളാണ് ഇതിലുള്ളത്.
- ഒരു കിലോമീറ്റർ വരെ തടസ്സമില്ലാത്ത ആശയവിനിമയം.
- നിലത്ത് രക്ഷാപ്രവർത്തനം നടത്തുന്ന സംഘങ്ങൾക്ക് തത്സമയ വീഡിയോ സ്ട്രീമിംഗ്.
- സങ്കീർണ്ണ ഭൂപ്രദേശങ്ങളിൽ തടസ്സങ്ങൾ ഒഴിവാക്കാൻ LIDAR അധിഷ്ഠിത കൂട്ടിയിടി ഒഴിവാക്കൽ സംവിധാനം.
- 15 മീറ്റർ ഉയരത്തിൽ നിന്ന് മനുഷ്യസാന്നിദ്ധ്യം കണ്ടെത്താൻ കഴിയുന്ന ഓൺബോർഡ് സെൻസറുകൾ.
- 200 ഗ്രാം വരെ ഭാരമുള്ള അവശ്യ സഹായ വസ്തുക്കൾ കൃത്യതയോടെ എത്തിക്കാനുള്ള ശേഷി.
- പൂർണ്ണമായും സ്വയംനിയന്ത്രിത കൺട്രോൾ സിസ്റ്റം ഉള്ളതിനാൽ ഓപ്പറേറ്ററുടെ ഇടപെടൽ തുടർച്ചയായി ആവശ്യമില്ല.
സാങ്കേതികവിദ്യാധിഷ്ഠിത ദുരന്തനിവാരണ രംഗത്ത് വലി മുന്നേറ്റമായാണ് ഈ പ്രോജക്ടിനെ കണക്കാക്കുന്നത്. വിദ്യാർത്ഥികൾ നേടിയെടുത്ത ഈ നേട്ടത്തിൽ എൻഐടി അധികൃതർ അഭിനന്ദനം അറിയിച്ചു. ഭാവിയിൽ ആവശ്യമായ എല്ലാ ഗവേഷണങ്ങൾക്ക് പിന്തുണയും ഉറപ്പ് നൽകിയിട്ടുണ്ട്. ഡ്രോണിന്റെ പ്രവർത്തന ദൈർഘ്യം വർദ്ധിപ്പിക്കാനും കൂടുതൽ കാര്യക്ഷമമായ പേലോഡ് ശേഷി ഉൾപ്പെടുത്താനും 'ടീം പറവൈ'ക്ക് പദ്ധതിയുണ്ട്.